
കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താൻ സിപിഎം നടത്തുന്ന തൊരപ്പൻ പണിയെന്നെ കെ മുരളീധരൻ. മുസ്ലിം ലീഗ് ഒരിക്കലും സിപിഎം ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കില്ല. എന്ത് നഷ്ടമുണ്ടായാലും സിപിഎമ്മുമായി കോൺഗ്രസ് സഹകരിക്കില്ല. മലപ്പുറത്ത് വിഭാഗീയ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തകർ ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പ്രതികരിച്ചു.
പലസ്തീൻ വിഷയത്തിൽ ആദ്യം നിരുപാധിക പിന്തുണ നൽകിയത് പ്രമേയം പാസാക്കിക്കൊണ്ട് കോൺഗ്രസിന്റെ പ്രവർത്തക സമിതിയാണ്. പലസ്തീനോട് ഇപ്പോഴാണ് സിപിഎമ്മിന് സ്നേഹം വന്നത്. യുഡിഎഫിൽ തർക്കമുണ്ടാക്കിയിട്ട് രക്ഷപ്പെടാനാണ് സിപിഎമ്മിന്റെ ശ്രമം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി തലകുത്തി നിന്നാലും ഒരു സീറ്റ് പോലും കിട്ടില്ല.
ചിലരൊക്കെ ഇപ്പൊ ദില്ലിയിൽ മാർച്ച് നടത്താൻ പോകുന്നു. ഇവിടുത്തെ കാര്യങ്ങൾ എല്ലാം ശരിയാക്കിയിട്ട് ദില്ലിക്ക് പോയാൽ എല്ലാവർക്കും കൂടെ ഒരുമിച്ച് പറയാം. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎം. സെക്രട്ടേറിയേറ്റ് ഓഫീസേഴ്സ് നടത്തുന്ന അനന്തപുരി മാർച്ച് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് പലസ്തീൻ വിഷയത്തിൽ നിലപാടില്ലെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത്. എന്നാൽ ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽ പലസ്തീന് നിരുപാധിക പിന്തുണയാണ് കോൺഗ്രസ് നൽകുന്നത്. പാർട്ടി പ്രവർത്തക സമിതി പ്രമേയം പാസാക്കി പിന്തുണ അറിയിച്ചു. ആ നിലപാടിൽ ഒരു ശതമാനം പോലും ഒരിടത്തും വെള്ളം ചേർത്തിട്ടില്ല. പലസ്തീൻ വിഷയത്തിൽ കേരളത്തിലെ സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Last Updated Nov 3, 2023, 1:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]