
അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് അമ്മത്തൊട്ടിലിൽ അതിഥിയായി എത്തി ; മലയാളത്തിൻറെ മഹോത്സവം തിരി തെളിഞ്ഞ രാവിൽ എത്തിയ അവൾക്ക് പേര് “കേരളീയ”
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ പൊക്കിൾക്കൊടി മാറാത്ത അഞ്ചു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് അതിഥിയായി എത്തി. ബുധനാഴ്ച രാത്രി 8.55-നാണ് 2.7 കിലോഗ്രാം ഭാരമുള്ള കുരുന്ന് അമ്മത്തൊട്ടിലിൽ പരിരക്ഷയ്ക്കായി എത്തിയത്.
മലയാളത്തിൻറെ മഹോത്സവം തിരി തെളിഞ്ഞ അതേ നാളിലെ രാവിൽ അതിഥിയായി എത്തിയ പെൺകരുത്തിന് ‘കേരളീയ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രധാന സംഭവ വികാസങ്ങളുടെ നാളുകളിലെല്ലാം ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ കുരുന്നുകൾ അതിഥിയായി എത്തുന്നത് യാദൃശ്ചികമാകുന്നു. ഇവർക്ക് പേരിടുന്നതിലും സമിതി വ്യത്യസ്തത പുലർത്തി വരികയാണ് ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ രാജ്യത്തിൻറെ മായാമുദ്ര പതിപ്പിച്ച അതേ ദിവസം ഇന്ത്യൻ വീരഗാഥ ചതുരംഗ കളിയിൽ വെള്ളിത്തിളക്കിൽ എത്തിയപ്പോൾ പേര് ‘പ്രഗ്യാൻ ചന്ദ്ര’. മതേതരത്തിൻറെയും ഐക്യത്തിൻറെയും ഏകീകരണ രൂപമായി ‘ഇന്ത്യ,’ സമാധാനം പറന്നുയരാൻ ‘നർഗീസ്’, വ്യോമസേനാ ദിനത്തിൽ ‘ഗഗൻ’, ഇങ്ങനെ രാജ്യത്തിൻറെ ബഹുസ്വരത എക്കാലവും ഉയർത്തിപ്പിടിക്കുന്നതാണ് അമ്മത്തൊട്ടിലിൽ എത്തുന്ന കുരുന്നുകളുടെ പേരുകൾ.
കുരുന്നുകൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഏറ്റുവാങ്ങാൻ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയിൽ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ഏഴാമത്തെ കുട്ടിയാണ് കേരളീയ.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തി ക്കൊണ്ടുള്ള സന്ദേശം എത്തി. ഒപ്പം ബീപ് സൈറണും മുഴങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന നെഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിലെത്തി പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ചു.
അമ്മത്തൊട്ടിലിൽ നിന്ന് മൊബൈലിലേക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി നേരിട്ടെത്തി കുട്ടിയുടെ ആരോഗ്യ പരിശോധനകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. രാത്രി 9.30-ന് കുട്ടിയെ തിരുവനന്തപുരം എസ് എ ടി. ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദ്ദേശാനുസരണം തുടർചികിത്സയ്ക്കായി കുട്ടി ആശുപത്രിയിൽ കഴിയുകയാണ്. ശിശുക്കളുമായി ഉപേക്ഷിക്കാൻ എത്തുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്താൻ ജില്ലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അമ്മത്തൊട്ടിലുകൾ സൌകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും.
ജില്ലകളിൽ സ്പോൺസർമാരുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കാവുന്ന കൂടുതൽ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കും. ഹൈടെക് അല്ലാത്ത അമ്മത്തൊട്ടിലുകൾ പത്തു ലക്ഷത്തിൽ പരം രൂപ ചെലവഴിച്ച് ഹൈടെക് ആക്കും. നിലവിൽ പ്രവർത്തന ക്ഷമമല്ലാത്ത അമ്മത്തൊട്ടിലുകൾ താൽക്കാലികമായി അടച്ചിട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആധുനിക സാങ്കേതിക വിദ്യയോടെ പുനസ്ഥാപിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങളിലും എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങളിലുമായി 141 കുട്ടികളാണ് നിലവിൽ പരിചരണയിലുള്ളത്.
2002 നവംബർ 14-ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 588-ാ മത്തെ കുട്ടിയാണ് കേരളീയ. ഈ വർഷം വിദേശത്തേക്ക് 10 കുട്ടികൾ ഉൾപ്പെടെ ഇതുവരെയായി 49 കുട്ടികളെയാണ് അനാഥത്വത്തിൽ നിന്നും സനാഥത്വത്തിലേക്ക് മാതാപിതാക്കളൊടൊപ്പം കൈപിടിച്ച് സമിതി യാത്രയാക്കിയത്. കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]