
മൊഹാലി: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ അസമിനോട് തോറ്റ് കേരളം ക്വാര്‍ട്ടറില്‍ പുറത്ത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ റിയാന്‍ പരാഗിന്റെ നേതൃത്വത്തിലിറങ്ങിയ അസം 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 50 പന്തില്‍ 75 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഗാദിഗവോങ്കറാണ് അസമിന്റെ വിജയശില്പി. സിബാസങ്കര്‍ റോയ് 22 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിനായി സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റെടുത്തു.
ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ കളികളും ജയിച്ച് ക്വാര്‍ട്ടറിലെത്തിയ കേരളത്തിന് നിര്‍ണായക പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. രോഹന് കുന്നുമ്മല്‍(9), വരുണ്‍ നായനാര്‍(7), വിഷ്ണു വിനോദ്(16), സഞ്ജു സാംസണ്(0), ശ്രേയസ് ഗോപാല്‍(0) എന്നിവര്‍ ഏഴോവറിനുള്ളില്‍ മടങ്ങിയതോടെ കേരളം 44-5ലേക്ക് കൂപ്പുകുത്തി.
പിന്നീട് സല്മാന് നിസാറും(44 പന്തില്‍ 57*), അബ്ദുള്‍ ബാസിതും 42 പന്തില്‍ 54) ചേര്‍ന്ന് 101 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഒമ്പത് റണ്‍സുമായി മനു കൃഷ്ണന് സല്മാന് നിസാറിനൊപ്പം പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ഡേനിഷ് ദാസും(4), റിഷാവ് ദാസും(14), ക്യാപ്റ്റന്‍ റിയാന്‍ പരാഗും(12) വലിയ സ്കോര്‍ നേടാതെ മടങ്ങിയെങ്കിലും ഗാദിഗവോങ്കറും സിബാസങ്കര്‍ റോയിയും ചേര്‍ന്ന അവരെ വിജയത്തിന് അടുത്തെത്തിച്ചു. റോയിക്കൊപ്പം ബിഷാല്‍ റോയ് അവരെ വിജയവര കടത്തി. ലോകകപ്പിനുശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ മുഷ്താഖ് അലി ട്രോഫിയില്‍ നിറം മങ്ങിയത് സഞ്ജുവിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.
Last Updated Nov 2, 2023, 8:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]