കൊച്ചി ∙
ശ്രീകോവിലിന്റെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ വാർത്തയായത്
കർശന ഇടപെടലിൽ. സ്വർണം പൂശലിന്റെ ‘സ്പോൺസറാ’യ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുകളിൽ സംശയം പ്രകടിപ്പിച്ചും ക്ഷേത്രമുതൽ കൈകാര്യം ചെയ്തതിൽ ഭരണസമിതി വരുത്തിയ മനഃപൂർവമെന്നു സംശയിക്കാവുന്ന വീഴ്ച ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികളിൽ സ്വര്‍ണം പൂശാൻ കഴിഞ്ഞ മാസം ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോൾ ശബരിമല സ്പെഷൽ കമ്മിഷണറേയോ കോടതിയേയോ അറിയിക്കാതിരുന്നതാണ് ഇതിനു വഴിവച്ചത്.
സന്നിധാനവുമായി ബന്ധപ്പെട്ട ഏതു നിർമാണ പ്രവർത്തനങ്ങളും മുൻകൂറായി രേഖാമൂലം സ്പെഷൽ കമ്മിഷണറെ അറിയിക്കണമെന്നും സ്പെഷൽ കമ്മിഷണർ ഇതു കോടതിയിൽ റിപ്പോര്‍ട്ടായി നൽകണമെന്നും ഉത്തരവുണ്ട്.
ഇത് ലംഘിച്ചായിരുന്നു സെപ്റ്റംബർ ആദ്യം സ്വര്‍ണപ്പാളികൾ ചെന്നൈയിലേക്കു കൊണ്ടുപോയത്. ഇതിനെത്തുടർന്ന് രേഖകൾ പരിശോധിച്ച കോടതിയാണ്, 2019 ൽ പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ ഉണ്ടായ ക്രമക്കേടുകള്‍ കണ്ടെത്തിയതും അന്വേഷണം പ്രഖ്യാപിച്ചതും. തിരുവാഭരണ കമ്മിഷണറുടെ പക്കലുള്ള മുഴുവൻ രേഖകളും പിടിച്ചെടുത്ത് ഹാജരാക്കാൻ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവർ നിർദേശിച്ചത് അനുസരിച്ച് വിജിലൻസ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസർ ഇവ ഹാജരാക്കിയിരുന്നു.
ഈ രേഖകൾ പരിശോധിച്ചാണ് കോടതി സംശയം പ്രകടിപ്പിച്ചത്.
1999 ൽ ‘സ്വർണപ്പാളികൾ’ ഘടിപ്പിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങൾ ശ്രീകോവിലിന്റെ വശങ്ങളിൽ സ്ഥാപിക്കാൻ ദേവസ്വം ബോർഡ് അനുമതി നല്‍കിയതായി രേഖയുണ്ട്. ഇതിനർഥം ദ്വാരപാലക ശിൽപങ്ങളില് 1999 ൽത്തന്നെ സ്വർണം പൊതിഞ്ഞിട്ടുണ്ട് എന്നാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
2013ൽ ദേവസ്വം ഫൊട്ടോഗ്രഫർ എടുത്ത ചിത്രത്തിലും സ്വര്‍ണപ്പാളികൾ കാണാം. തുടർന്ന്, 2019 ൽ ദ്വാരപാലക ശിൽപങ്ങൾ ‘ഗോൾഡ്പ്ലേറ്റിങ്’ നടത്തിത്തരാമെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭ്യർഥന പ്രകാരം ‘ചെമ്പ് പ്ലേറ്റുകൾ’ അഴിച്ചെടുത്ത് ചെന്നൈയിലേക്കു കൊണ്ടുപോയി എന്നാണ് രേഖകളില്‍ കാണുന്നത്. ബന്ധപ്പെട്ട
എല്ലാ അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. 12 കഷ്ണങ്ങളായി 25.400 കിലോഗ്രാമാണ് ഈ പാളികൾ.
എന്നാൽ ‘ചെമ്പു പാളികൾ’ എന്നു മാത്രമാണ് രേഖയിലുള്ളതെന്നും സ്വർണത്തെക്കുറിച്ച് പരാമർശമില്ലാത്തത് അസാധാരണവും വിശദ അന്വേഷണം വേണ്ടതാണെന്നും കോടതി പറഞ്ഞിരുന്നു.
ദ്വാരപാലക ശിൽപങ്ങൾ പ്രതിഷ്ഠിച്ച പീഠങ്ങളും സമാന വിധത്തിൽ അഴിച്ചെടുത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപിച്ചു. ഇത് 17.400 കിലോഗ്രാം വരും.
ഇവയിലും1999 ൽ പരമ്പരാഗത രീതിയിൽ സ്വർണം പൂശിയിരുന്നു. ആകെ 42.800 കിലോഗ്രാം.
സമാന വിധത്തിൽ ലിന്റലും ആ വർഷം ഇതേ വ്യക്തിക്ക് തന്നെ കൈമാറി. ഇത്തരത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 2019 ജൂലൈ 20ന് കൈമാറിയ ‘ചെമ്പുപാളികൾ’ ചെന്നൈയിൽ സ്വർണം പൂശുന്ന സ്മാർട്ട് ക്രിയേഷന്‍സിൽ എത്തിച്ചത് 2019 ഓഗസ്റ്റ് 29നു മാത്രമാണെന്നു രേഖയുണ്ട്.
അതായത് ഒരു മാസവും ഒമ്പതു ദിവസവും കഴിഞ്ഞാണ് ഇവ എത്തിയത്. എന്തുകൊണ്ട് ഈ കാലതാമസമുണ്ടായി എന്നതു സംബന്ധിച്ച വിവരങ്ങളാണ് നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
തുടർന്നാണ് മറ്റൊരു കണ്ടെത്തലും കോടതി നടത്തുന്നത്. ഒരു മാസത്തിനു ശേഷം ചെന്നൈയിലെത്തിച്ച 42.800 കിലോഗ്രാം ‘ചെമ്പുപാളികൾ’ അവിടെ തൂക്കിനോക്കുമ്പോൾ ഭാരം 38.258 കിലോഗ്രാം മാത്രം.
4.541 കിലോഗ്രാം കുറവ്.
രണ്ടു സാധ്യതകളാണ് കോടതി ഇതിൽ ചൂണ്ടിക്കാട്ടുന്നത്. ഒന്നുകിൽ ഈ ചെമ്പുപാളികളിൽ പൂശിയിരുന്ന സ്വർണമായിരിക്കാം കുറവ് വന്നിട്ടുള്ളത്, അല്ലെങ്കിൽ സ്വർണപ്പാളികള്‍ക്ക് പകരം സന്നിധാനത്തുനിന്നു കൊണ്ടു പോയത് ചെമ്പുപാളികളായിരിക്കാം.
ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്നാണ് കോടതി നിർദേശം. ഇതിനു പിന്നാലെ കോടതി മറ്റൊരു കണ്ടെത്തൽ കൂടി നടത്തിയിരുന്നു. 2024 സെപ്റ്റംബർ രണ്ടിന് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം അധികൃതർക്ക് അയച്ച ഒരു ഇമെയിലിലെ കാര്യങ്ങളാണ് കോടതിയുടെ ശ്രദ്ധയാകർഷിച്ചത്.
2019ൽ തങ്ങൾ ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പുപാളികളിൽ സ്വർണം പൂശിയിരുന്നു എന്നും എന്നാൽ കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം അവയ്ക്ക് തിളക്കം കുറഞ്ഞതായി കാണുന്നുവെന്നും മെയിലിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ ഇതിനു മുകളിൽ ഒരു ചുറ്റു കൂടി ഗോൾഡ്പ്ലേറ്റിങ് നടത്താമെന്നും ഇത് ദശകങ്ങളോളം നിൽക്കുമെന്നും പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി ഇതിനായി 2 കാര്യങ്ങളും ആവശ്യപ്പെടുന്നു.
ഒന്ന്, ചെമ്പുപാളികൾ അഴിച്ചെടുത്തു കൊണ്ടുപോകാൻ അനുവദിക്കണം.
രണ്ട്, സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പൂശിയ മറ്റൊരു ദ്വാരപാലക ശിൽപം വിട്ടു തന്നാൽ അതിലെ സ്വർണം ഉരുക്കിയെടുത്ത് ഉപയോഗിക്കുന്നതു വഴി ചെലവ് കുറയ്ക്കാം. സ്വർണം പൂശിയ ചെമ്പുപാളികള്‍ വേറെയും ഉണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നുവെന്നാണ് മെയിലിലെ വിവരങ്ങളിൽനിന്നു മനസ്സിലാകുന്നതെന്നാണ് കോടതി നിരീക്ഷിച്ചത്. തുടർന്ന്, സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ സ്ട്രോങ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ കോടതി നിർദേശം നൽകി.
എന്നാൽ പരിശോധന നടത്തിയ ദേവസ്വം വിജിലൻസ്, സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇത് കണ്ടെടുക്കാനായില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ഒപ്പം റിട്ട. ജസ്റ്റിസ് കെ.ടി.ശങ്കരനെ ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുവകകളുടെ കണക്കെടുക്കാനായി നിയോഗിക്കുകയും ചെയ്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]