കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളി വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ദ്ധൻ. 1999-ൽ തന്നെ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണ്ണം കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് വിജയ് മല്യയുടെ പ്രതിനിധിയായിരുന്ന സെന്തിൽ നാഥൻ **newskerala.net** നോട് സ്ഥിരീകരിച്ചു.
ഇതിനായി ഏകദേശം അഞ്ച് കിലോഗ്രാം തങ്കമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. 24 ക്യാരറ്റ് പരിശുദ്ധിയുള്ള ഉയർന്ന ഗുണനിലവാരമുള്ള സ്വർണ്ണമായിരുന്നു ഇത്.
സന്നിധാനം സ്വർണ്ണം പൊതിയുന്നതിനായി യുബി ഗ്രൂപ്പ് ആകെ 30 കിലോയിലധികം സ്വർണ്ണം അനുവദിച്ചിരുന്നുവെന്നും സെന്തിൽ നാഥൻ കൂട്ടിച്ചേർത്തു. 1999-ൽ വിജയ് മല്യ നടത്തിയ സ്വർണ്ണം പൂശൽ ജോലികളുടെ മേൽനോട്ടം വഹിച്ചത് തമിഴ്നാട് സ്വദേശിയും ഇപ്പോൾ എറണാകുളത്ത് താമസക്കാരനുമായ സെന്തിൽ നാഥനാണ്.
സ്വർണ്ണപ്പാളി തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത് തിരുവിതാംകൂർ ദേവസ്വം മരാമത്ത് ഓഫീസിൽ നിന്ന് വിജിലൻസ് കണ്ടെടുത്ത രേഖകളിലൂടെയാണ്. 1999-ൽ വ്യവസായിയായ വിജയ് മല്യ ഏകദേശം 33 കിലോ സ്വർണ്ണം ഉപയോഗിച്ച് ശ്രീകോവിൽ, വാതിൽപ്പാളികൾ, ദ്വാരപാലക ശിൽപ്പങ്ങൾ എന്നിവ സ്വർണ്ണം പൊതിഞ്ഞിരുന്നു.
എന്നാൽ 2019-ൽ ഈ സ്വർണ്ണപ്പാളികൾ ദേവസ്വം രേഖകളിൽ ചെമ്പുപാളികളാണെന്ന് തിരുത്തിയ ശേഷം, വീണ്ടും സ്വർണ്ണം പൂശുന്നതിനായി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുകയായിരുന്നു. എന്നാൽ, സ്വർണ്ണം പൂശുന്നതിനായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ചത് സന്നിധാനത്തുനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ യഥാർത്ഥ സ്വർണ്ണപ്പാളികളല്ലെന്ന നിർണായക വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
മുമ്പ് സ്വർണ്ണം പൊതിഞ്ഞ പാളികളിൽ തങ്ങൾ വീണ്ടും സ്വർണ്ണം പൂശാറില്ലെന്നും, തങ്ങൾക്ക് ലഭിച്ചത് ചെമ്പുപാളികളായിരുന്നുവെന്നും സ്മാർട്ട് ക്രിയേഷൻസ് അധികൃതർ വ്യക്തമാക്കുന്നു. ഈ വാദങ്ങളെ ശരിവെച്ചുകൊണ്ട്, ശബരിമലയിലെ ശിൽപ്പ നിർമ്മാണ പാരമ്പര്യമുള്ള തട്ടാവിള കുടുംബാംഗം ശിൽപി മഹേഷ് പണിക്കരും രംഗത്തെത്തി.
2019-ൽ സ്വർണ്ണം പൂശി തിരികെ സ്ഥാപിച്ചത് യഥാർത്ഥ പാളികളുടെ പകർപ്പായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം ചെലവിൽ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണ്ണം പൂശി നൽകുമെന്നാണ് 2019-ലെ ദേവസ്വം ബോർഡ് രേഖകളിൽ പറയുന്നത്.
എന്നാൽ ഇതിന്റെ പേരിൽ ഭക്തരായ വ്യവസായികളിൽ നിന്ന് ഇയാൾ കോടികൾ പിരിച്ചതായും ആരോപണമുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ ഒരു ബെംഗളൂരു വ്യവസായി മാത്രം 35 ലക്ഷം രൂപ നൽകിയതായി വിവരമുണ്ട്.
യഥാര്‍ത്ഥ സ്വര്‍ണപ്പാളികള്‍ എവിടെ? വിജയ് മല്യ നൽകിയ യഥാർത്ഥ സ്വർണ്ണപ്പാളികൾക്ക് എന്തു സംഭവിച്ചു എന്നതാണ് ഇനി അന്വേഷണത്തിൽ കണ്ടെത്തേണ്ട പ്രധാന കാര്യം.
ഉണ്ണികൃഷ്ണൻ പോറ്റി ഈ പാളികൾ മറിച്ചുവിൽക്കുകയോ അതിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതോടൊപ്പം, സ്വർണ്ണം പൂശുന്നതിൻ്റെ പേരിൽ ഇയാൾ ആരൊക്കെ, എത്ര തുക പിരിച്ചെടുത്തിട്ടുണ്ടെന്ന കാര്യത്തിലും വിശദമായ അന്വേഷണം ആവശ്യമാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]