കോഴിക്കോട്: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണത്തിന് കളമൊരുക്കിയത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഗുരുതരമായ അനാസ്ഥയാണെന്നും ഇതിനെതിരെ വിശ്വാസികളെ അണിനിരത്തി കോൺഗ്രസ് അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. ദേശീയ നേതാക്കളുടെ സാന്നിധ്യവും പ്രതിഷേധ പരിപാടികളിൽ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ നിന്ന് സ്വർണ്ണം മോഷണം പോയ സാഹചര്യം ദുരൂഹമാണ്. വിഷയത്തിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വിശദീകരണങ്ങൾ തൃപ്തികരമല്ല.
ഉത്തരവാദിത്തപ്പെട്ടവരുടെ ഒത്താശയോടെയല്ലാതെ സ്വർണ്ണം കടത്താനാകില്ലെന്നും ‘കള്ളൻ കപ്പലിൽ തന്നെ’യാണെന്നും സണ്ണി ജോസഫ് ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോഷണം പോയ സ്വർണ്ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തണം. ഇതിന് പിന്നിലുള്ളവർ എത്ര ഉന്നതരായാലും അവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ലഭിച്ച വഴിവിട്ട സർക്കാർ സഹായങ്ങളാണ് തട്ടിപ്പിന് സഹായകമായത്.
സ്വർണ്ണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ, സർക്കാർ സംഘടിപ്പിച്ച അയ്യപ്പ സംഗമം ഒരു പ്രഹസനം മാത്രമായിരുന്നുവെന്ന് തെളിഞ്ഞതായും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. ഇരട്ടവോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്യുന്നു വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് സംബന്ധിച്ച് കോൺഗ്രസും യുഡിഎഫും നൽകിയ പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടിയെടുക്കുന്നതിന് പകരം, ഇരട്ടവോട്ടിനെ ന്യായീകരിക്കാനും നിയമവിധേയമാക്കാനുമാണ് കമ്മീഷൻ ശ്രമിക്കുന്നത്. ഒരാൾക്ക് തന്നെ പലയിടങ്ങളിൽ വോട്ട് ചേർക്കുകയും ഇവർക്ക് വ്യത്യസ്ത നമ്പറുകളിലുള്ള രണ്ട് ഐഡി കാർഡുകൾ നൽകുകയും ചെയ്യുന്നു.
ഒരേ നമ്പർ നൽകിയാൽ എളുപ്പത്തിൽ കണ്ടെത്താമെന്നതിനാലാണ് ഈ കള്ളക്കളി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി നമ്പർ പുതിയ പട്ടികയിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്.
ഇരട്ടവോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; കോഴിക്കോട്ട് ജനാധിപത്യ സംരക്ഷണ റാലി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും പൗരന്റെ വോട്ടവകാശം സംരക്ഷിക്കുന്നതിനായും രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് കോഴിക്കോട്ട് ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിക്കും.
ഈ മാസം അവസാനം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

