
കോഴിക്കോട്: ഷിരൂരിൽ ഉരുൾപ്പൊട്ടലിൽ മരണപ്പെട്ട അർജുന്റെ ലോറി ഉടമ മനാഫ് തന്റെ യൂട്യൂബ് പ്രൊഫൈലിൽ നിന്നും അർജുന്റെ ചിത്രം മാറ്റി. കഴിഞ്ഞ ദിവസം തനിക്കെതിരെ അര്‍ജുന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി മനാഫ് രംഗത്തെത്തിയിരുന്നു. തന്റെ കുടുംബാംഗങ്ങൾക്കൊപ്പം വാർത്താസമ്മേളനം വിളിച്ചാണ് മനാഫ് ആരോപണങ്ങൾക്ക് മറുപടി പറഞ്ഞത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും അർജുന്റെ കുടുംബത്തോടൊപ്പമാണെന്നും വ്യക്തമാക്കിയ മനാഫ്, വിഷമം ഉണ്ടായേങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞിരുന്നു. വാർത്താ സമ്മേളനത്തിന് പിന്നാലെ യൂട്യൂബ് ചാനലിൽ നിന്നും അർജുന്റെ ചിത്രവും മാറ്റി.
‘തന്റെ യൂട്യൂബ് ചാനലിൽ അർജുന്റെ ഫോട്ടോ വെച്ചിരുന്നു. കുടുംബം അതിൽ പരിഭവം പറഞ്ഞു. അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ ഇല്ല. ഷിരൂരിൽ രക്ഷാപ്രവർത്തനം നടക്കുന്നയിടത്ത് എന്തെങ്കിലും ഉണ്ടായാൽ, പെട്ടെന്ന് അറിയിക്കാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നത് ആയിരുന്നു എന്റെ മേൽവിലാസം. അത് തന്നെ യൂട്യൂബ് ചാനലിനും പേരിട്ടു. അർജുനെ കിട്ടിയ ശേഷം യൂട്യൂബ് ചാനൽ ഉപയോഗിച്ചിട്ടില്ല. ആദ്യം അതിൽ 10000 സബ്സ്ക്രൈബർമാരാണ് ഉണ്ടായിരുന്നത്. മിഷൻ പൂർത്തിയായൽ ചാനൽ ഉപയോഗിക്കില്ല എന്നായിരുന്നു ആദ്യം കരുതിയതെന്നും മനാഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മനാഫ് കുടുംബത്തിന്റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കവിഞ്ഞ ദിവസം അർജുന്റെ കുടുംബം വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. അർജുന് വേണ്ടി കുടുംബം കാത്തിരിക്കുമ്പോൾ മനാഫ് യൂട്യൂബ് ചാനൽ തുടങ്ങി. വീഡിയോ എടുത്തിട്ട് അവര്‍ തമ്മില്‍ 600 പേര് കാണുന്നുണ്ട്, 700 പേര് കാണുന്നുണ്ട്, അടിപൊളിയാണ്, സൂപ്പറാണ് എന്നൊക്കെയാണ് സംസാരിക്കുന്നത്. അര്‍ജുനോട് ഒരു തുള്ളി സ്നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നായിരുന്നു കുടുംബം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്.
അർജുന്റെ കുടുംബത്തിന്റെ ആരോപണത്തിന് തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം മനാഫ് ചോദിച്ചത്. തന്റെ പെരുമാറ്റ രീതി ഇങ്ങനെയാണെന്നും അതിലൂടെ അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടായേങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് ഇന്ന് വ്യക്തമാക്കി. ആ ചാനൽ നടത്താൻ മറ്റാരെങ്കിലും വരുകയാണെങ്കിൽ കൊടുക്കും. ചാരിറ്റി എന്ന നിലയിൽ അതിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിച്ചതെന്നും മനാഫ് പറഞ്ഞു. ഇന്നലെ 12000 പേരായിരുന്നു ‘ലോറിയുടമ മനാഫ്’ എന്ന യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നത്. ഒറ്റ ദിവസം കൊണ്ട് അത് 2,82000 സബ്സ്രൈബേഴ്സ് ആയി ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]