
വ്യാജമായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ 37 -കാരിയായ സോഫ്റ്റ്വെയർ ഡെവലപ്പർക്ക് 3.2 ലക്ഷം രൂപ പിഴ ചുമത്തി. സിംഗപ്പൂരിലാണ് സംഭവം. ഇടിസി സിംഗപ്പൂർ എസ്ഇസി ലിമിറ്റഡിൽ ജോലി ചെയ്യുകയായിരുന്ന സു ക്വിൻ എന്ന യുവതിക്കു നേരെയാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
ചൈനക്കാരിയാണ് സു ക്വിൻ. തനിക്കും അമ്മയ്ക്കും ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലായിരുന്നു അവൾ ലീവെടുത്തത്. എന്നാൽ, ഇങ്ങനെ തുടർച്ചയായി ലീവെടുക്കുന്നത് കമ്പനിയിൽ തന്റെ മതിപ്പില്ലാതാക്കുമോ എന്ന് അവൾക്ക് ഭയമുണ്ടായിരുന്നു. അങ്ങനെ ജോലി സ്ഥലത്ത് തന്നെ കുറിച്ച് ഒരു മോശം അഭിപ്രായം ഇല്ലാതിരിക്കാൻ വേണ്ടിയാണ് അവൾ ഒരു പഴയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതിയൊരെണ്ണം വ്യാജമായി സൃഷ്ടിച്ചത്.
അവൾ അത് സ്റ്റേറ്റ് ലൂക്ക്സ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും യഥാർത്ഥ തീയതികൾ മാറ്റി താൻ ലീവെടുത്ത ദിവസം വരെയാക്കി മാറ്റുകയും ചെയ്തു. പിന്നീട്, ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ സത്യം മനസിലാകാതിരിക്കാൻ അവൾ അതിലും കൃത്രിമത്വം കാണിച്ചു. എന്നാൽ, പിന്നീട് നടന്ന വിശദമായ പരിശോധനക്കിടെയാണ് ക്യു ആർ കോഡിൽ പ്രശ്നമുള്ളതായി കണ്ടെത്തിയത്.
ഒറിജിനൽ വേണമെന്ന് പറഞ്ഞപ്പോൾ, അവൾ വീണ്ടും ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി വ്യാജമായി ഉണ്ടാക്കിയെടുത്തു. എന്നാൽ, അതും വ്യാജമാണ് എന്ന് കണ്ടെത്തിയതോടെ അവളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അവൾ തന്റെ പൊസിഷനിൽ നിന്നും രാജി വയ്ക്കുന്നതായി നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായി അസുഖം ബാധിച്ച അമ്മയെ നോക്കുന്നതിന് വേണ്ടി ചൈനയിലെ വീട്ടിൽ നിൽക്കാനായി അമ്മയുടെ വ്യാജമരണ സർട്ടിഫിക്കറ്റും അവൾ ഉണ്ടാക്കിയതായി പിന്നീട് കണ്ടെത്തി. മാത്രമല്ല, പിരിച്ചുവിട്ടതിന് പിന്നാലെ അവൾക്കെതിരെ കമ്പനി നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. പിന്നാലെയാണ് 3.2 ലക്ഷം രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]