![](https://newskerala.net/wp-content/uploads/2024/10/1727966612_new-project-3-_1200x630xt-1024x538.jpg)
പെൺമക്കളുടെ ആദ്യത്തെ ഹീറോയാണ് അച്ഛൻ എന്ന് പറയാറുണ്ട്. പൊതുവെ അമ്മമാർ പറയാറുള്ള പരാതിയാണ് മകൾക്ക് അച്ഛനോടാണ് കൂടുതലിഷ്ടം എന്നത്. അച്ഛനും പെൺമക്കളും തമ്മിലുള്ള അടുപ്പം പലപ്പോഴും വാക്കുകൾക്ക് അതീതമാണ്. അത് തെളിയിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി ചുഴലിക്കാറ്റിലൂടെ 50 കിലോമീറ്റർ നടന്നെത്തിയ അച്ഛനെ ഹീറോ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്.
ചുഴലിക്കാറ്റ് വിതച്ച ഭീതിദമായ സാഹചര്യങ്ങളെയെല്ലാം മറികടന്ന് 12 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഡേവിഡ് ജോൺസ് മകളുടെ വിവാഹം നടക്കുന്ന സ്ഥലത്തെത്തി. ഗുഡ് ന്യൂസ് മൂവ്മെൻ്റാണ് ഇൻസ്റ്റാഗ്രാമിൽ ഈ ഹൃദയസ്പർശിയായ സംഭവത്തെ കുറിച്ച് പോസ്റ്റ് ചെയ്തത്. ജോൺസ് സൗത്ത് കരോലിനയിൽ നിന്ന് ടെന്നസിയിലേക്ക് ഹെലൻ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾക്കിടയിലൂടെയാണ് ഏകദേശം 30 മൈൽ നടന്നത്.
മകൾ എലിസബത്തിൻ്റെ വിവാഹത്തിൽ എന്തായാലും പങ്കെടുക്കണം എന്ന് ഡേവിഡ് ജോൺസ് ഉറപ്പിച്ചിരുന്നു. രണ്ട് മണിക്കൂർ ഡ്രൈവ് ചെയ്താൽ എത്താവുന്ന ദൂരവുമായിരുന്നു. എന്നാൽ, ചുഴലിക്കാറ്റിലും അതേ തുടർന്നുണ്ടായ നാശനഷ്ടങ്ങളിലും അത് സാധ്യമായിരുന്നില്ല. അങ്ങനെ നടന്ന് തന്നെ കൃത്യസമയത്ത് അദ്ദേഹത്തിന് മകളുടെ വിവാഹത്തിനെത്തിച്ചേരാനും അവളുടെ കൈപിടിച്ച് വരനടുത്തേക്ക് നടത്താനും സാധിച്ചു.
ഒരു മാരത്തോണറാണ് ഡേവിഡ് ജോൺസ് എന്നതിനാൽ തന്നെ നടപ്പ് അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ട് അല്ലെങ്കിലും ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളിലൂടെയുള്ള യാത്ര അല്പം കഠിനം തന്നെ എന്നാണ് അദ്ദേഹം പറയുന്നത്. എന്തിരുന്നാലും ഈ അച്ഛനെ ഹീറോ എന്ന് വിളിച്ച് അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഏതൊരു മകളും ഇങ്ങനെ ഒരു അച്ഛനെ അർഹിക്കുന്നുണ്ട് എന്നും നിരവധിപ്പേർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]