
ജോലിസ്ഥലങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് വലിയ ചർച്ചകൾ തന്നെ ഇപ്പോൾ നടക്കുന്നുണ്ട്. അതിൽ അധിക മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരുന്നതും, ഉന്നത ഉദ്യോഗസ്ഥരുടെ പീഡനങ്ങളും എല്ലാം പെടും. അതുമായി ബന്ധപ്പെട്ട ഒരു പുതിയ പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയാവുന്നത്.
‘ഇന്ത്യൻ ജോലി സ്ഥലങ്ങളിൽ നിന്നും എടുത്ത് മാറ്റണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് എന്തൊക്കെയാണ്’ എന്ന ചോദ്യത്തിനാണ് ആളുകൾ മറുപടി പറയുന്നത്.
ഇന്ത്യയിലെ ജോലി സാഹചര്യങ്ങൾ അത്ര നല്ലതല്ല എന്ന് തെളിയിക്കുന്നതാണ് പല മറുപടികളും. പല വികസിത രാജ്യങ്ങളിലും, ജീവനക്കാരോട് സൗഹാർദ്ദപരമായി പെരുമാറുന്ന രാജ്യങ്ങളിലും ആഴ്ചയിൽ ആറ് ദിവസം ജോലി എന്നത് മാറ്റി നാല് ദിവസം മാത്രം പ്രവൃത്തി ദിവസം എന്ന തരത്തിലേക്ക് മാറുമ്പോഴാണ് ഇന്ത്യയിൽ ഒമ്പതും പത്തും പന്ത്രണ്ടും മണിക്കൂറുകൾ ചില ഓഫീസുകളിൽ ജോലി ചെയ്യേണ്ടി വരുന്നത്.
അത് തന്നെയാണ് ഇന്ത്യയിലെ ജോലിസ്ഥലങ്ങളിൽ നിന്നും ഒഴിവാക്കേണ്ടത് എന്തൊക്കെയാണ് എന്ന ചോദ്യത്തിന് കിട്ടിയ പ്രധാനപ്പെട്ട ഉത്തരം. മിക്കവാറും 9-12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നു, അത് ഇല്ലാതെയാവണം എന്നാണ് മിക്കവരും കമന്റിൽ പറയുന്നത്.
മറ്റൊരു കമന്റ് മേലുദ്യോഗസ്ഥരുടെ പെരുമാറ്റത്തെ കുറിച്ചുള്ളതാണ്. ‘മനുഷ്യത്വമില്ലാത്ത മാനേജർ’ എന്നാണ് റെഡ്ഡിറ്റിൽ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. ജോലി സ്ഥലങ്ങളിൽ നിന്നും മനുഷ്യത്വമില്ലാത്ത മാനേജർമാരെ മാറ്റണം എന്നാണ് ഇവരുടെ അഭിപ്രായം.
‘ജോലിസമയം കഴിഞ്ഞിട്ടും ജോലി ചെയ്യേണ്ടി വരുന്ന സംവിധാനം, 24 മണിക്കൂറും വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഉണ്ടാവേണ്ടുന്ന അവസ്ഥ’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘മൂന്ന് മാസം നോട്ടീസ് പീരിയഡും വർക്ക് ഫ്രം ഹോമും’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
എന്തായാലും, ഇന്ത്യയിലെ ജോലി സ്ഥലങ്ങളിലെ അവസ്ഥ അത്ര നല്ലതല്ല എന്ന് തന്നെയാണ് ഈ കമന്റുകളിൽ നിന്നും മനസിലാവുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]