
.news-body p a {width: auto;float: none;}
നൂഡൽഹി: ഇസ്രയേലും ഇറാനും തമ്മിൽ യുദ്ധമുണ്ടാവുകയാണെങ്കിൽ അത് ഇന്ത്യയെ കാര്യമായി ബാധിക്കുമോ, ബാധിക്കുമെങ്കിൽ അത് ഏത് രീതിയിലൊക്കെ ആയിരിക്കും? ഭൂരിപക്ഷം പേരുടെയും ചാേദ്യം ഇതായിരിക്കും. യുദ്ധമുണ്ടായാൽ അത് ഇന്ത്യയെ കാര്യമായിത്തന്നെ ബാധിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ ഈ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ നൽകുന്ന ഉത്തരം. എണ്ണ, പ്രകൃതിവാതക ഇറക്കുമതിയെ യുദ്ധം പ്രതികൂലമായി ബാധിക്കുന്നതിനാൽ വിലക്കയറ്റത്തിനും സാമ്പത്തിക മുരടിപ്പിനും ഇടയാക്കിയേക്കും എന്നും അവർ പറയുന്നു. ഇറാൻ ഇസ്രയേലിനുമേൽ കഴിഞ്ഞദിവസം മിസൈൽ വർഷം നടത്തിയതോടെയാണ് പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസാഹചര്യം കടുത്തത്. ഇതിന് തൊട്ടുപിന്നാലെ തന്നെ എണ്ണവിലയിൽ ആഗോളതലത്തിൽ കാര്യമായ വർദ്ധനവുണ്ടാവുകയും ചെയ്തു. യുദ്ധത്തിലേക്ക് കടന്നാൽ എണ്ണവില ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈവിട്ടുപോകും എന്നതിന് വ്യക്തമായ തെളിവാണിത്.
എണ്ണവില കുതിച്ചുയരും
റഷ്യയും യുക്രെയിനുമായി യുദ്ധമുണ്ടായപ്പോൾ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ റഷ്യൻ എണ്ണയ്ക്ക് നിരോധനം ഏർപ്പെടുത്തി. കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങി. എണ്ണ വിൽക്കേണ്ടത് റഷ്യയുടെ ആവശ്യം ആയതിനാൽ കുറഞ്ഞവിലയ്ക്കുതന്നെ അവർ ഇന്ത്യയ്ക്ക് വിറ്റു. വൻതോതിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിക്കൊണ്ടിരുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള ചിലർ കണ്ണുരുട്ടിയെങ്കിലും അതൊന്നും കാര്യമാക്കാതെ ഇന്ത്യ ഇറക്കുമതി തുടർന്നു. തുടർച്ചയായ വളർച്ചയ്ക്കുശേഷം റഷ്യൻ എണ്ണ ഇറക്കുമതിയിൽ കാര്യമായ കുറവുണ്ടാകുന്നതാണ് ഇക്കഴിഞ്ഞ ഓഗസ്റ്റുമുതൽ കാണാൻ കഴിയുന്നത്. ഓഗസ്റ്റിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതി മുപ്പത്താറുശതമാനം കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂലായിൽ രാജ്യത്തെ മൊത്തം എണ്ണ ഇറക്കുമതിയുടെ 44 ശതമാനവും റഷ്യൻ എണ്ണയായിരുന്നു.
റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറഞ്ഞതോടെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി വിഹിതം കൂടി. ജൂലായിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ ഇറക്കുമതി 40.3 ശതമാനം മാത്രമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അത് 44.6 ശതമാനമായി ഉയർന്നു. ഇറാക്ക്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീരാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മിഡിൽ ഈസ്റ്റിൽ നിന്ന് പ്രധാനമായും എണ്ണ നൽകുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽഎൻജി) ഇന്ത്യയുടെ പ്രധാന വിതരണക്കരാർ ഖത്തറുമായാണ്. എൽഎൻജി ഇറക്കുമതി ഇരുപതുവർഷംകൂടി നീട്ടുന്നതിനായി ഖത്തറുമായി 78 ബില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യ ഒപ്പിടുകയും ചെയ്തിരുന്നു.
കപ്പലുകൾക്ക് വഴിയടയും
റഷ്യയിൽ നിന്നായാലും മിഡിൽ ഈസ്റ്റിൽ നിന്നായാലും എണ്ണ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സമുദ്രമാർഗം വഴിയാണ്. ചെങ്കടലും, ഹോർമൂസ് കടലിടുക്കും വഴിയാണ് ഇന്ത്യയിലേക്ക് എണ്ണ എത്തുന്നത്. റഷ്യൻ എണ്ണ ചെങ്കടൽ പാതയിലൂടെ ഇന്ത്യയിലെത്തുമ്പോൾ ഹോർമൂസ് കടലിടുക്കിലൂടെയാണ് ഖത്തറിൽ നിന്നുള്ള എൽഎൻജിയും മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണയും എത്തുന്നത്. യുദ്ധം ആരംഭിച്ചാൽ ഈ റൂട്ടുകളിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടാൻ സാദ്ധ്യത ഏറെയാണെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ എണ്ണ, പ്രകൃതി വാതക ഇറക്കുമതിയിൽ കാര്യമായ കാലതാമസമുണ്ടാവുകയും അത് ആഗോള തലത്തിൽ തന്നെ എണ്ണവിലയിൽ വർദ്ധനവിന് ഇടയാക്കുകയും ചെയ്യും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും എൻഎൽജിയുടെ പകുതിയും ഹോർമൂസ് വഴിയാണെന്നതാണ് കടുത്ത ആശങ്ക ഉയർത്തുന്നത്.
എണ്ണവില കൂടിയാൽ ഇന്ത്യയുടെ മദ്ധ്യവർഗത്തെയാവും കൂടുതലായും ബാധിക്കുക. എണ്ണ വിതരണത്തിൽ ഏതെങ്കിലും തരത്തിലുണ്ടാകുന്ന ചെറിയൊരു തടസംപോലും പണപ്പെരുപ്പത്തിലേക്ക് നയിച്ചേക്കാം. ഇത് പലിശനിരക്ക് ഉയർന്ന നിലയിൽ തന്നെ നിലനിറുത്താൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കും. ഇതും കൂടുതൽ ബാധിക്കുക മദ്ധ്യവർഗത്തെതന്നെയാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വികസന മുരടിപ്പ്
എണ്ണവില ഉയരുന്നത് വിലക്കയറ്റത്തിനിടയാക്കുകയും അതിലൂടെ ജനജീവിതം ദുഃസ്സഹമാവുകയും ചെയ്യുന്നതോടെ വില പിടിച്ചുനിറുത്താൻ കേന്ദ്രസർക്കാർ ഇന്ധനങ്ങൾക്ക് വൻതോതിൽ സബ്സിഡി നൽകേണ്ടിവരും. രാജ്യത്തിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനുള്ലള പണം ഉൾപ്പെടെ ഇതിനുവേണ്ടി എടുക്കേണ്ടിവന്നേക്കാം. അത് വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. വികസന മുരടിപ്പായിരിക്കും ഫലം. സാമ്പത്തിക മാന്ദ്യം ഇപ്പോൾ ആഗോളതലത്തിൽ പിടിമുറുക്കിയിട്ടുണ്ട്. എന്നാൽ ഇത് ഇന്ത്യയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. എന്നാൽ യുദ്ധമുണ്ടായാൽ കാര്യങ്ങളെല്ലാം കീഴ്മേൽ മറിയും.