
.news-body p a {width: auto;float: none;}
‘മാളികപ്പുറം’ എന്ന ഒറ്റ സിനിമ മതി ശ്രീപദ് എന്ന ബാലതാരത്തെ എന്നെന്നും ഓർക്കാൻ. ചെറുതും വലുതുമായ പല കഥാപാത്രങ്ങളിലൂടെ നമുടെ മുന്നിലെത്തിയ ശ്രീപദ് ഇന്ന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ നിറവിലാണ്. മാളികപ്പുറം എന്ന സിനിമയിലെ അഭിനയമികവിന് മികച്ച ദേശീയ ബാലതാരത്തിനുള്ള അവാർഡാണ് ശ്രീപദ് സ്വന്തമാക്കിയത്.
ടിക്ടോക്ക് വീഡിയോയിലൂടെയും ആൽബത്തിലൂടെയുമാണ് ഈ കൊച്ചുമിടുക്കൻ സിനിമയിലേക്ക് എത്തുന്നത്. കണ്ണൂർ പയ്യന്നൂരിലെ പേരൂർ സ്വദേശികളായ രജീഷ്, രസ്ന ദമ്പതികളുടെ മകനാണ് ശ്രീപദ്. അദ്ധ്യാപകരായ മാതാപിതാക്കളാണ് ശ്രീപദിന്റെ ഏറ്റവും വലിയ പിന്തുണ. ആറാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീപദ് ദേശീയ പുരസ്കാരത്തിന്റെ വിശേഷങ്ങൾ കേരളകൗമുദി ഓൺലെെനിനോട് പങ്കുവയ്ക്കുന്നു.
വളരെ സന്തോഷം തോന്നിയ നിമിഷം
അമ്മയുടെ പഞ്ചാബിലുള്ള ഒരു അമ്മാവനാണ് ആദ്യം ദേശീയ അവാർഡിന്റെ കാര്യം വിളിച്ച് പറയുന്നത്. ആദ്യം ഞങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. അമ്മാവൻ വിളിച്ചുപറഞ്ഞപ്പോഴാണ് കാര്യം സത്യമാണെന്ന് മനസിലായത്. വളരെ സന്തോഷം തോന്നിയ നിമിഷമാണ് അത്.
ദേശീയ അവാർഡ് കിട്ടിയ വിവരം അറിഞ്ഞ് നിരവധി പേർ വിളിച്ച് അഭിനന്ദിച്ചു. മമ്മൂക്കയും ലാലേട്ടനും നേരിൽ കാണാൻ വിളിച്ചു. അഭിലാഷ് ചേട്ടനാണ് പറഞ്ഞത് അവർ വിളിച്ചുവെന്ന്. അങ്ങനെ നേരിൽ പോയി രണ്ടുപേരെയും കണ്ടു. ദേശീയ അവാർഡ് കിട്ടയതിന് അവർ അഭിനന്ദിക്കുകയും ഇരുവരുമായി കൂറെ നേരം സംസാരിക്കുകയും ചെയ്തു. മോഹൻലാൽ സാർ എന്റെ വീട്ടിലെ പേര് ഓക്കെ ചോദിച്ചു. ‘മോനൂട്ടൻ’ എന്നാണ് എന്നെ വീട്ടിൽ വിളിക്കുന്നത്. പിന്നെ ഉണ്ണി മുകുന്ദൻ ചേട്ടൻ, അജുൻ അശോകൻ ചേട്ടൻ, റെെറ്റർ അഭിലാഷേട്ടൻ എന്നിവർ വിളിച്ച് അഭിനന്ദിച്ചു. വിഷ്ണു ഉണ്ണികൃഷ്ണൻ ചേട്ടൻ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു.
അവാർഡും ജന്മദിനവും ഒന്നിച്ച്
ദേശീയ അവാർഡ് നൽകുന്നത് ഒക്ടോബർ എട്ടിനാണ്. അന്ന് വേറെ ഒരു പ്രത്യേകതകൂടിയുണ്ട്. അന്ന് എന്റെ ജന്മദിനമാണ്. അതിന്റെ ഒരു സന്തോഷവും എനിക്കുണ്ട്.
ഒരുപാട് സപ്പോർട്ട്
അച്ഛനും അമ്മയും സ്കൂളിലെ അദ്ധ്യാപകരും കൂട്ടുകാരുമെല്ലാം ഒരുപാട് സപ്പോർട്ട് ചെയ്യുന്നുണ്ട്. ഷൂട്ടിംഗിന് വിളിച്ച് കൊണ്ടുപോകുന്നത് അച്ഛനാണ്. സിനിമ ഷൂട്ടിംഗ് ഉള്ളത് കൊണ്ട് ചിലപ്പോൾ ക്ലാസ് മിസ് ആകും. അപ്പോൾ അമ്മയും അച്ഛനുമാണ് ഏറെ സഹായിക്കുന്നത്.
മറ്റ് ഭാഷകൾ
മറ്റ് ഭാഷകളിൽ നിന്ന് ഇതുവരെ അവസരം വന്നിട്ടില്ല. ദളപതി വിജയ്യുടെ കൂടെ അഭിയിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. വിജയ് സാറിന്റെ വലിയ ഫാനാണ് ഞാൻ. വിജയ് സിനിമ അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിൽ ചെറിയ വിഷമം ഉണ്ട്. പക്ഷേ ഇനിയും സിനിമകൾ ചെയ്യുമെന്ന് ഞാൻ കരുതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാട്ടുകാരൻ
പാട്ടുപാടാൻ വളരെ ഇഷ്ടമാണ്. സിനിമയിൽ പാടിയിട്ടില്ലെങ്കിലും പണ്ട് സ്റ്റേജ് ഷോകളിൽ പാടിയിട്ടുണ്ട്. റാപ് ഗാനങ്ങളോട് പ്രിയം ഏറെ.
സ്കൂളിൽ സാധാരണ കുട്ടി
ഉർസുലെെൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസിലാണ് ഞാൻ പഠിക്കുന്നത്. സ്കൂളിൽ ഒരു സാധാരണ കുട്ടിയാണ്. സ്കൂളിൽ വച്ച് സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിനാൽ എല്ലാവരും അതിന്റെ ഭാഗമായിരുന്നു. അതിനാൽ സ്കൂളിനുള്ളിൽ ഞങ്ങൾ എല്ലാവരും തുല്യരാണ്. ഒരു നോർമൽ കുട്ടി തന്നെയാണ് ഞാൻ.
നല്ല നടൻ
ഒരു കുഴപ്പവുമില്ലാത്ത നല്ല ഒരു നടനാവാനാണ് എനിക്ക് താൽപര്യം. സത്യസന്ധനായ ഒരു നടൻ. അതിനൊപ്പം ഒരുനല്ല പൊലീസ് ഓഫീസർ ആവാനും ആഗ്രഹമുണ്ട്.
കെെനിറയെ സിനിമകൾ
വരാഹം, ആനന്ദ് ശ്രീബാല എന്നീ സിനിമകളാണ് ഇനി റിലീസ് ചെയ്യാൻ പോകുന്നത്. ‘സുമതി വളവ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിട്ടില്ല. മറ്റ് ചില സിനിമകളുടെയും ചർച്ച നടക്കുന്നുണ്ട്.