തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഞാനോ സർക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജൻസിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദി ഹിന്ദുവിലെ അഭിമുഖത്തിന് പിആർ ഏജൻസി ഉപയോഗിച്ചതുൾപ്പെടെയുള്ള വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദി ഹിന്ദുവിലെ അഭിമുഖത്തിന് പിആർ ഏജൻസി ഉപയോഗിച്ചതുൾപ്പെടെയുള്ള വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തിൽ വിശദീകരണം നൽകി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. പിആർ ഏജൻസിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിരുന്നില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാൻ തയ്യാറാവാത്തതിൽ സിപിഐ ഉൾപ്പെടെ മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ട്. എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റാത്തതും പൂരം കലക്കലിലും ഉൾപ്പെടെ പല വിഷയങ്ങളിലും നേരത്തെ തന്നെ സിപിഐ അതൃപ്തിയിലാണ്. വലിയ വിവാദമുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് ഈ വിവാദങ്ങളുടെ വ്യാപ്തി കൂട്ടുന്നുവെന്ന നിലപാടാണ് സിപിഐക്ക്.
അതിനിടെ, മുഖ്യമന്ത്രിക്കും കെി ജലീലിനുമെതിരെ വിമർശനവുമായി വീണ്ടും പിവി അൻവർ രംഗത്തെത്തി. പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവക്കുമെന്ന് പിവി അൻവർ എംഎൽഎ. പോരാട്ടമാണ്, അതിൽ സ്ഥാനം വിഷയമല്ല. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു. തന്റെ പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച്ച പ്രഖ്യാപിക്കുമെന്നും അൻവർ അറിയിച്ചു.
കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്നും ജലീലിന് ഒറ്റക്ക് നിൽക്കാൻ ശേഷിയില്ലെന്നും അൻവർ പറഞ്ഞു. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീൽ പറയുമ്പോൾ ആരെങ്കിലും അദ്ദേഹത്തെ വെടി വെക്കുമെന്ന് പറഞ്ഞിരിക്കുമെന്നും അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലമ്പൂർ ആയിഷയുടെ മനസ് തൻ്റെ കൂടെയാണ്. കണ്ണുരുട്ടി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിക്കുകയാണ്. വീട്ടിൽ വന്ന് പിന്തുണ അറിയിച്ചതാണെന്നും അത് അങ്ങനെ തന്നെ ഉണ്ടാവുമെന്നും അൻവർ പറഞ്ഞു.
മലപ്പുറം സ്വർണക്കള്ളക്കടത്തിൻ്റെ കേന്ദ്രമെന്നും പണം ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കും ഓഫീസിനും മാത്രമാണ്. ഒരു സമുദായത്തെ മാത്രമാണ് അദ്ദേഹം ലക്ഷ്യം വച്ചതെങ്കിൽ ആരോപണം എല്ലാവരേയും ബാധിക്കില്ലേ. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം അതിനു തയ്യാറല്ലങ്കിൽ മാപ്പു പറയാനെങ്കിലും തയ്യാറാവണം. പി.ആറിൽ സി.പി.എമ്മിൽ നാൽപത് അഭിപ്രായങ്ങളുണ്ട്. പറയാൻ ആർക്കും ധൈര്യമില്ലാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് പി.ശശിയേയും എം.ആർ.അജിത്ത് കുമാറിനേയും ഭയമാണ്. പാർട്ടിക്ക് പിണറായി വിജയനേയും പേടിയാണ്. ത്രിപുരയിലേക്കും പശ്ചിമ ബംഗാളിലേയും സ്ഥിതിയിലേക്കാണ് സി.പി.എം.പോകുന്നതെന്നും അൻവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]