റിയാദ്: തൊഴിൽതേടി മലയാളികളടക്കം അനേകം ഇന്ത്യക്കാർ ദിവസേന വിമാനം കയറുന്ന ഗൾഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. തൊഴിൽ വിസയിലും വിസിറ്റ് വിസയിലുമൊക്കെയാണ് തൊഴിൽതേടി കൂടുതൽ പേരും സൗദിയിലെത്തുന്നത്. എന്നാൽ നിശ്ചിത കാലാവധിക്കുള്ളിൽ തൊഴിൽ ലഭ്യമാകാതെ വരുമ്പോൾ പലർക്കും നിരാശരായി മടങ്ങേണ്ടിയും വരുന്നു. ഇപ്പോഴിതാ പ്രവാസ ജീവിതം ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി താത്കാലിക തൊഴിൽ വിസകൾക്കുള്ള പുതിയ നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകിയിരിക്കുകയാണ് സൗദി സർക്കാർ.
ഹജ്ജ് തീർത്ഥാടനം, ഉംറ പോലുള്ള ചെറിയ തീർത്ഥാടനങ്ങൾ എന്നിവയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട താത്കാലിക തൊഴിൽ വിസകൾ ഉൾക്കൊള്ളുന്ന നിയമങ്ങൾക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അംഗീകാരം നൽകി. ഇതിലൂടെ തൊഴിൽ വിപണിയുടെ ആവശ്യകതകൾ അനുസരിച്ച് താത്കാലിക വിസകൾ ഉപയോഗിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരമൊരുങ്ങുമെന്ന് മാനഭ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ ചട്ടങ്ങൾ ഉംറ സീസണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ ഗുണകരമാവുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടാതെ പുതിയ നിയമം കരാർ അടിസ്ഥാനത്തിലുള്ള തൊഴിൽ ദാതാവിന്റെയും തൊഴിലാളിയുടെയും അവകാശങ്ങൾക്ക് ഊന്നൽ നൽകുന്നു. പുതുക്കിയ നിയമപ്രകാരം ഇരുകക്ഷികളും ഒപ്പിട്ട തൊഴിൽ കരാറിന്റെ പകർപ്പ്, മെഡിക്കൽ ഇൻഷുറൻസ് രേഖകൾ വിസ അനുവദിക്കുന്നതിന് മുൻവ്യവസ്ഥയായി ഹാജരാക്കാൻ പുതിയ നിയന്ത്രണങ്ങൾ നിർബന്ധമാക്കുന്നു. പുതുക്കിയ നിയമപ്രകാരം താത്കാലിക തൊഴിൽ വിസാ കാലാവധി 90 ദിവസത്തേയ്ക്ക് കൂടി നീട്ടാൻ സ്ഥാപനങ്ങൾക്ക് സൗകര്യം നൽകുന്നു. ഭേദഗതികൾ അംഗീകാരം ലഭിച്ച തീയതി മുതൽ 180 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]