ആപ്പിൾ ഐഫോൺ 16 സിരീസിന്റെ ലോഞ്ചിന് ദിവസങ്ങളുടെ അകലം മാത്രം. സെപ്റ്റംബർ 9നാണ് ടെക് ലോകം കാത്തിരിക്കുന്ന മഹാ ഇവന്റ് നടക്കുക. മാസങ്ങൾ നീണ്ട ചർച്ചകൾക്കും കിംവദന്തികൾക്കുമാണ് ഒമ്പതിന് അവസാനമാകുക.
ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകൾ ആപ്പിൾ അവതരിപ്പിക്കും. സ്റ്റാൻഡേർഡ്, പ്ലസ് മോഡലുകൾ പഴയ ഡിസ്പ്ലേകളും ക്യാമറ സജ്ജീകരണവും നിലനിർത്തുമെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ഒരു പുതിയ ചിപ്സെറ്റ്, വലിയ ബാറ്ററി, പുതിയ ലംബമായ പിൻ ക്യാമറ ലേഔട്ട്, പുതിയ ആക്ഷൻ ബട്ടൺ എന്നിവ വാഗ്ദാനം ചെയ്യും. മറുവശത്ത്, പ്രോ മോഡലുകൾ വലിയ ക്യാമറ അപ്ഗ്രേഡുകൾ, മെലിഞ്ഞ ഡിസൈൻ, കുറഞ്ഞ ബെസലുകളുള്ള വലിയ ഡിസ്പ്ലേ, പുതിയ ചിപ്സെറ്റ്, വലിയ ബാറ്ററി എന്നിവയുമായി വരുമെന്ന സൂചനയുമുണ്ട്. ആപ്പിൾ അതിവേഗ ചാർജിങ് വാഗ്ദാനം ചെയ്യുന്നതിൽ വ്യക്തതയില്ല.
ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഫോണുകളുടെ വിലവിവരങ്ങള്‍ ഇതിനകം ചോര്‍ന്നിട്ടുണ്ട്. ഐഫോൺ 16ന്റെ അടിസ്ഥാന മോഡലിന് 799 ഡോളർ (ഇന്ത്യയിൽ ഏകദേശം 67,100 രൂപ) വില വരുമെന്നാണ് സൂചന. ഐഫോൺ 16 പ്ലസിന് 899 ഡോളർ (ഏകദേശം 75,500 രൂപ) ചിലവാകും. 256 ജിബി ഉള്ള ഐഫോണ്‍ 16 പ്രോയുടെ വില $1,099 (ഏകദേശം 92,300 രൂപ) ആയിരിക്കാം. അതേ സ്റ്റോറേജുള്ള ഐഫോൺ16 പ്രോ മാക്സിന് വില $1,199 (ഏകദേശം 1,00,700 രൂപ) മുതൽ ആരംഭിക്കുമെന്ന് സൂചനയുണ്ട്.
ഐഫോൺ 16 സീരീസ് ലോഞ്ച് ഇവന്റ് ഓണ്‍ലൈനില്‍ കാണാൻ താൽപര്യമുള്ളവർക്കായി ലൈവ് സ്ട്രീമിങ്ങുണ്ടാകും. ഇന്ത്യയിൽ, ഐഫോൺ 16 ഇവന്റ് എല്ലാ തവണത്തേയും പോലെ രാത്രി 10:30നാണ് ആരംഭിക്കുന്നത്. ഇവന്റ് ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി തത്സമയ സംപ്രേക്ഷണം ചെയ്യാനും സാധ്യതയുണ്ട്. ഐഫോണ്‍ 16 ലോഞ്ചിന് പുറമെ മറ്റ് ഗാഡ്ജറ്റുകളുടെ അവതരണവും പ്രഖ്യാപനങ്ങളും ലോഞ്ച് ഇവന്റില്‍ പ്രതീക്ഷിക്കുന്നു.
Read more: കാതലായ മാറ്റം അവതരിപ്പിക്കാന്‍ ജിപേ; പുതിയ ഫീച്ചറുകൾ ഈ വർഷമെത്തും, എന്താണ് സെക്കന്‍ഡറി യൂസര്‍?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]