
വിജയവാഡ: തെക്കേ ഇന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികളിൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നൽകണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു. റെയിൽ – റോഡ് ഗതാഗതം പലയിടങ്ങളിലും താറുമാറായിട്ടുണ്ട്. മഴ മുന്നറിയിപ്പ് തുടരുകയാണ്. ഇന്നലെ മുതൽ 140 ട്രെയിനുകൾ റദ്ദാക്കിയപ്പോൾ, 97 എണ്ണം വഴിതിരിച്ചും വിട്ടു.
കനത്ത മഴയിൽ പലയിടങ്ങളും മുങ്ങി. റോഡിലും റയിൽപാളങ്ങളിലും വെള്ളം കയറിയതോടെ രണ്ട് സംസ്ഥാനങ്ങളിലെയും റോഡ്, റെയിൽ ഗതാഗതം താറുമാറായി. കനത്ത മഴയും വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന ട്രെയിനുകളിൽ ചിലതും റദ്ദാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 06.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22648 കൊച്ചുവേളി – കോർബ എക്സ്പ്രസ്, സെപ്റ്റംബർ രണ്ടിന് രാവിലെ 8.15ന് ബിലാസ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22815 ബിലാസ്പൂർ – എറണാകുളം എക്സ്പ്രസ്, സെപ്റ്റംബർ നാലാം തീയ്യതി രാവിലെ 8.30ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22816 എറണാകുളം – ബിലാസ്പൂർ എക്സ്പ്രസ് എന്നിവ റദ്ദാക്കിയതായാണ് റെയിൽവെയുടെ പുതിയ അറിയിപ്പിൽ വിശദീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]