
വീടിനു സമീപത്തെ സൈക്കിൾ കടയിലേക്ക് പോയ മഹാദേവൻ എന്ന പതിമൂന്നുവയസ്സുകാരൻ. രാത്രി ഇരുട്ടിയിട്ടും വീട്ടിലെത്താതയതോടെ അവനെ തേടി വീട്ടുകാരിറങ്ങി.
എന്നാൽ കാണാതായ മകനെയല്ല ‘‘അവൻ ഞങ്ങളുടെ പക്കലുണ്ട്’’ എന്നൊരു ഫോൺകോളായിരുന്നു ആ മാതാപിതാക്കൾക്ക് ലഭിച്ചത്. ആ ഫോൺ കോളും വിശ്വസിച്ച് വർഷങ്ങളോളം അവർ മകനെ കാത്തിരുന്നു.
പതിമൂന്നുകാരനായ മഹാദേവനെയും തേടി കേരള പൊലീസും ക്രൈംബ്രാഞ്ചും പലവഴിക്ക് അലഞ്ഞു. സത്യമറിയാൻ 19 വർഷം വേണ്ടി വന്നു.
ആ യാത്ര ചുരുളഴിച്ചത് മഹാദേവൻ തിരോധാനം മാത്രമല്ല, മറ്റൊരു
കേസു കൂടിയാണ്.
അവസാനം പോയത് സൈക്കിൾ കടയിലേക്ക്, പിന്നെ അവനെ ആരും കണ്ടിട്ടേയില്ല
1995 സെപ്തംബർ 8. ചങ്ങനാശേരി മതുമൂല സ്വദേശിയായ വിശ്വനാഥൻ ആചാരിയുടെയും വിജയലക്ഷ്മിയുടെയും മകനായ പതിമൂന്നുകാരനായ മഹാദേവനെ കാണാതാകുന്നു.
വൈകുന്നേരം അച്ഛന്റെ കയ്യിൽ നിന്നും രണ്ടു രൂപയും വാങ്ങി പോയതാണ് അവൻ. എത്തേണ്ട
സമയമായിട്ടും കാണാതായതോടെയാണ് വീട്ടിൽ നിന്ന് അവനെ അന്വേഷിച്ച് മാതാപിതാക്കൾ ഇറങ്ങിയത്. വീടിന് സമീപത്തെ കടയിലേക്കു സൈക്കിളിലാണ് മഹാദേവൻ പോയത്.
പിന്നെ മടങ്ങി വന്നിട്ടില്ല. മകനെ അന്വേഷിച്ച് മാതാപിതാക്കൾ പല വഴി അലഞ്ഞു.
അപ്പോഴാണ് മഹാദേവൻ കസ്റ്റഡിയിലുണ്ടെന്നും പണം നൽകിയാൽ വിട്ടുതരാമെന്നും പറഞ്ഞ് വിശ്വനാഥൻ ആചാരിക്ക് ഫോൺ വിളിയെത്തുന്നത്. തെളിവിനായി മഹാദേവന്റെ ചെരിപ്പും കാണാതാകുമ്പോൾ കയ്യിലുണ്ടായിരുന്ന വീട്ടിലെ സ്കൂട്ടറിന്റെ താക്കോലും അടുത്തുള്ളൊരു സ്ഥലത്ത് വച്ചിട്ടുണ്ടെന്നും പറഞ്ഞു.
ചെരിപ്പും താക്കോലും കിട്ടിയതോടെ മകനെ പണത്തിനു വേണ്ടി ആരോ തട്ടിക്കൊണ്ടുപോയതാണെന്നു വിശ്വനാഥൻ വിശ്വസിച്ചു. പറഞ്ഞ സ്ഥലത്തു പണവുമായി കാത്തുനിന്നെങ്കിലും ആരും എത്തിയില്ല.
പിന്നെയും പലവട്ടം പണം ആവശ്യപ്പെട്ട് ഫോൺ വിളികളും കത്തുകളും എത്തി. പക്ഷേ, മഹാദേവനെ മാത്രം അവർക്ക് തിരികെ കിട്ടിയില്ല.
അന്വേഷണം പലവഴിക്ക്, മഹാദേവനെ മാത്രം കിട്ടിയില്ല
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പുരോഗതിയില്ലാതെ വന്നതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
ക്രൈംബ്രാഞ്ചിന്റെ ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് എസ്പി നേരിട്ട് കേസ് അന്വേഷിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനിടെ മകനെ കണ്ടെത്താനാകാത്ത ദുഃഖം പേറി 11 വർഷം ജീവിച്ച വിശ്വനാഥൻ 2006 ൽ വീടിനു മുന്നിൽ കുഴഞ്ഞുവീണു മരിച്ചു.
മകനെ കാണാതായതു മുതൽ കിടപ്പിലായിരുന്ന അമ്മ വിജയലക്ഷ്മി 2011ലും മരിച്ചു. 2010ലാണു കേസ് എഡിജിപിയുടെ കീഴിൽ ക്രൈം ബ്രാഞ്ചിന്റെ ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് അന്വേഷിക്കണമെന്നു ജസ്റ്റിസ് കെ.എം.
ജോസഫ് ഉത്തരവിട്ടത്. മുൻപു കേസ് അന്വേഷിച്ചവരെ രൂക്ഷമായ ഭാഷയിൽ കോടതി അന്ന് ശകാരിക്കുകയും ചെയ്തിരുന്നു.
2013ലാണ് കേസിന്റെ അന്വേഷണം വീണ്ടും തുടങ്ങുന്നത്. ക്രൈംബ്രാഞ്ചിന്റെ ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് എസ്പിയായിരുന്നു കെ.ജി.സൈമണിനായിരുന്നു അന്വേഷണ ചുമതല.
മഹാദേവനെ കാണാതായതിനു പിന്നാലെ പണം ആവശ്യപ്പെട്ട് വീട്ടിലക്ക് ഫോൺ വന്നിരുന്നു.
അതുകൊണ്ട് തന്നെ വീട്ടിലെ വിലാസവും നമ്പറുമെല്ലാം അറിയുന്ന ആരോ ഒരാളാണ് തിരോധാനത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. കാണാതായ ദിവസം വീട്ടിൽ നിന്നിറങ്ങി മഹാദേവൻ പോയ വഴിയുടെ റൂട്ട് മാപ്പെടുത്ത് ആ വഴിയിലുള്ള പലരുടെയും മൊഴിയെടുത്തു.
മഹാദേവന്റെ ആ റൂട്ട് മാപ്പ് അവസാനിച്ചത് മതുമൂലയിലുള്ള ഒരു സൈക്കിൾ കടയുടെ മുന്നിലായിരുന്നു. അവിടെവരെ മഹാദേവനെ കണ്ടെന്ന് പലരും മൊഴി നൽകുകയും ചെയ്തു.
അങ്ങനെ ആ സൈക്കിൾ കട കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം.
അന്വേഷണത്തിൽ വാഴപ്പള്ളി സ്വദേശിയായ ഹരികുമാർ എന്ന ഉണ്ണിയുടെ സൈക്കിൾ കടയാണതെന്ന് മനസ്സിലായി. സൈക്കിളിന് കാറ്റടിക്കാനും നന്നാക്കാനുമൊക്കെയായി മഹാദേവൻ അവിടെ പോകാറുണ്ടായിരുന്നു.
എന്നാൽ കുറേക്കാലമായി കട അടഞ്ഞുകിടക്കുകയാണ്.
ഉണ്ണിക്ക് കോട്ടയത്തുള്ള ഒരു കോൺട്രാക്ടറുടെ കീഴിൽ ജോലി കിട്ടിയതോടെയാണ് കട തുറക്കാതായതെന്ന് അയാളുടെ വീട്ടുകാരിൽ നിന്ന് അന്വേഷണ സംഘം മനസ്സിലാക്കി.
ഉണ്ണിയെ കണ്ടെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുക.
ഇതായിരുന്നു അന്വേഷണ സംഘത്തിന്റെ അടുത്ത ലക്ഷ്യം. കുടുംബവുമായി അദ്ദേഹത്തിന് വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.
ആഴ്ചയിലൊരിക്കൽ കൂട്ടുകാരുമൊത്ത് സൈക്കിൾ കടയിൽ വച്ച് മദ്യപാനം നടത്തും. അതിനു മാത്രമാണ് ഇപ്പോൾ അയാൾ കട
തുറക്കുന്നത്.
മദ്യപ സംഘത്തിലേക്ക് വേഷം മാറിയെത്തി പൊലീസ്
മദ്യപാന സദസ് മാത്രമാണ് ഉണ്ണിയിലേക്കെത്താനുള്ള വഴിയെന്ന് അന്വേഷണ സംഘം മനസ്സിലാക്കി. അങ്ങനെ ഉദ്യോഗസ്ഥർ ഉണ്ണിയുടെ മദ്യപാന സംഘത്തിലെ ഒരാളുമായി ബന്ധം സ്ഥാപിച്ചു.
പലവട്ടം മദ്യം വാങ്ങാൻ അയാൾക്ക് പണം നൽകി. പതുക്കെ പതുക്കെ ഉണ്ണിയടങ്ങിയ മദ്യപാന സദസ്സിലേക്കും വേഷം മാറിയെത്തിയ പൊലീസ് സംഘം കയറിപ്പറ്റി.
അവിടെ വച്ച് മനസ്സു തുറന്ന് ഉണ്ണിയോട് സംസാരിച്ചു. അപ്പോഴാണ് അയാളുടെ ഉള്ളിൽ എന്തോ ഉണ്ടെന്നും കൃത്യമായി ചോദിച്ചാൽ അത് തുറന്നു പറയുമെന്നും മനസ്സിലായത്.
അങ്ങനെ 2014 ഫെബ്രുവരി 26ന് അന്വേഷണസംഘം ഉണ്ണി ഉൾപ്പെടെ 6 പേരെ കസ്റ്റഡിയിലെടുത്ത് കോട്ടയം പൊലീസ് ക്ലബ്ബിലെത്തിച്ചു. എല്ലാവരും ഉണ്ണിയുടെ മദ്യപാന സദസ്സുമായി ബന്ധമുള്ളവരായിരുന്നു.
ഉണ്ണിയൊഴികെ മറ്റു 5പേർക്കും കേസുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ പൊലീസിന് മനസ്സിലായി. ഉണ്ണിയെ സമ്മർദത്തിലാക്കാനായി പിന്നീടുള്ള പൊലീസിന്റെ ശ്രമം.
‘‘ഉണ്ണീ, കാര്യങ്ങളൊക്കെ ഞങ്ങൾക്കു മനസ്സിലായി. നീ പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞാൽ മതി’’ പൊലീസ് ആവർത്തിച്ച് ഇക്കാര്യം ഉണ്ണിയോട് പറഞ്ഞു.
ചോദ്യം ചെയ്യൽ മുറിയിലും ഉണ്ണിയോട് പൊലീസ് മഹാദേവനെക്കുറിച്ചു ചോദിച്ചില്ല.
പകരം കഴിഞ്ഞ 19 വർഷത്തിനിടെ പലരോടായി ഉണ്ണി പറഞ്ഞ കള്ളങ്ങൾ അക്കമിട്ടു നിരത്തി. അതൊക്കെ എന്തിനായിരുന്നു എന്നു ചോദിച്ചു.
ആ ചോദ്യം ചെയ്യലിൽ ഉണ്ണി പതറി. ‘‘പറ്റിപ്പോയി സാറേ, കോനാരി സലിയെ ഞാൻ കൊന്നതാണ്’’? ഉണ്ണിയുടെ മറുപടി കേട്ട
പൊലീസ് സംഘം ഞെട്ടിത്തരിച്ചു. എന്നാൽ ആ പതർച്ച വാക്കുകളിൽ വരാതെ പൊലീസ് സംഘം അയാൾക്കു മുന്നിൽ നിന്നു.
‘‘അതൊക്കെ ഞങ്ങൾക്കറിയാം നീ മഹാദേവന്റെ കാര്യം പറ’’? ഇതായിരുന്നു പൊലീസിന്റെ അടുത്ത ചോദ്യം. അങ്ങനെ ഉണ്ണി ആ കഥ പറഞ്ഞു തുടങ്ങി.
മദ്യപിക്കാൻ പണം വേണം, സ്വർണമാല മോഷ്ടിക്കാൻ ശ്രമം
മൂന്നു പെൺമക്കൾക്കു ശേഷം പിറന്ന മഹാദേവനോട് മാതാപിതാക്കൾക്ക് വലിയ വാത്സല്യമായിരുന്നു.
പലപ്പോഴും ആറു പവനോളം തൂക്കമുള്ള സ്വർണമാല മഹാദേവൻ അണിയുമായിരുന്നു. മദ്യപനായ ഉണ്ണി ധാരാളം ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലക്കാരനായിരുന്നു.
അതിനുള്ള പണം സമ്പാദിക്കാൻ സ്വർണമാല മോഷ്ടിക്കാമെന്ന് അദ്ദേഹം കരുതി. അങ്ങനെ മഹാദേവന്റെ സ്വർണമാലയിൽ ഉണ്ണി കണ്ണുവച്ചു.
1995 സെപ്റ്റംബർ 8ന് വൈകിട്ട് സൈക്കിൾ റിപ്പയർ ചെയ്ത പണം നൽകാൻ കടയിലെത്തിയ മഹാദേവനെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല മോഷ്ടിക്കാനാണ് ഉണ്ണിയും സംഘവും കടന്നു പിടിച്ചത്. അവൻ എതിർത്തപ്പോൾ സമീപത്തെ വർക്ഷോപ്പിലേക്കു കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊന്നു. ഭാര്യാസഹോദരൻ പ്രമോദ്, സുഹൃത്ത് കോനാരി സലി എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മറവു ചെയ്തത്.
ഓട്ടോറിക്ഷയിൽ കയറ്റി മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ തള്ളി. കൊലപാതകം നടത്തിയെങ്കിലും മഹാദേവൻ ജീവനോടെയുണ്ടെന്ന് പറഞ്ഞ് അവർ മാതാപിതാക്കളെ കുഴപ്പിച്ചു.
സ്കൂട്ടറിന്റെ താക്കോലും ചെരിപ്പുമൊക്കെ പല സ്ഥലത്തും കൊണ്ടുപോയി വച്ചതും മഹാദേവന്റെ വീട്ടിലേക്കു ഫോൺ ചെയ്തു പണം ആവശ്യപ്പെട്ടതുമെല്ലാം കോനാരി സലി ആയിരുന്നു.
പക്ഷേ പണമൊന്നും കിട്ടിയില്ല. പതിയെ സലി കൊലപാതകത്തിന്റെ കാര്യം പറഞ്ഞു ഉണ്ണിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി.
പണവും ആവശ്യപ്പെടാൻ തുടങ്ങി. മതുമൂലയിലെ സൈക്കിൾ വർക്ക് ഷോപ്പിൽവച്ചു മദ്യം തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് ഉണ്ണി സലിയെ വിളിച്ചുവരുത്തിയത്.
രണ്ടു തുള്ളി സയനൈഡ് ഗ്ലാസിലെ മദ്യത്തിൽ ഒഴിച്ചു സലിക്കു നൽകി. ഇതു കുടിച്ചയുടൻ സലി മരിച്ചു.
കൊലപാതകശേഷം സലിയെ മൂന്നു സൈക്കിൾ ട്യൂബ് കൊണ്ടു വരിഞ്ഞുകെട്ടി. പ്രമോദിന്റെ സഹായത്തോടെ മൃതദേഹം മഹാദേവന്റെ മൃതദേഹം തള്ളിയ അതേ പാറമടക്കുളത്തിൽ തള്ളി.
മഹാദേവൻ മരിച്ച് ഒന്നര വർഷത്തിനു ശേഷമാണ് സലിയെ ഉണ്ണി കൊലപ്പെടുത്തിയത്. സലിയുടെ മൃതദേഹം മറവുചെയ്യാൻ സഹായിച്ച സഹോദരീഭർത്താവ് പ്രമോദും പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരിച്ചു.
പ്രമോദ് രണ്ടു വർഷം മുൻപു വീട്ടിലെ കുളിമുറിയിൽ കാൽ വഴുതി വീണു തലപൊട്ടി മരിച്ചുവെന്നാണു പറയുന്നത്.
മഹാദേവൻ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത് 19 വർഷങ്ങൾക്കു ശേഷമാണ്. വിചാരണ വേളയിൽ ജാമ്യത്തിലിറങ്ങിയ ഉണ്ണിയെ ഒരു വർഷം മുൻപു കോട്ടയത്തെ ഒരു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ആദ്യം കോനാരി സലി, പിന്നെ പ്രമോദ്, ഒടുവിൽ ഉണ്ണിയും; മഹാദേവനെ കൊലപ്പെടുത്തിയ കേസിലെ 3 പ്രതികളും ഇന്നു ജീവനോടെയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]