
മുംബൈ ∙
സ്റ്റേറ്റസിനെ ചൊല്ലി പുണെയിലെ യവത് ഗ്രാമത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ 5 എഫ്ഐആറുകളിലായി 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. വിവാദ വാട്സാപ് സ്റ്റേറ്റസ് പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് അക്രമ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ 17 പേരെ കസ്റ്റഡിയിലെടുത്തു. ഹൈന്ദവ പൂജാരിയെ അപമാനിക്കുന്നവിധമുള്ള സ്റ്റേറ്റസ് യുവാവ് പോസ്റ്റ് ചെയ്തതാണു പ്രശ്നങ്ങൾക്കു കാരണമായത്.
അതു മറ്റുള്ളവർക്കിടെ വലിയ തോതിൽ പ്രചരിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ലാത്തിച്ചാർജ് നടത്തിയും കണ്ണീർവാതകം പ്രയോഗിച്ചുമാണ് പൊലീസ് അക്രമികളെ പിരിച്ചുവിട്ടത്.
സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പുണെ പൊലീസ് സൂപ്രണ്ട് സന്ദീപ് സിങ് പറഞ്ഞു.
ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് എസ്ആർപിഎഫ് (സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ്) അടക്കം വലിയ സുരക്ഷാ സന്നാഹത്തെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഗ്രാമത്തിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തിയെന്നും ആളുകളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ചുവരികയാണെന്നും അഡിഷനൽ എസ്പി ഗണേഷ് ഭിരാധർ പറഞ്ഞു.
ഉപമുഖ്യമന്ത്രി അജിത് പവാർ, ബിജെപി എംഎൽഎ രാഹുൽ കുൾ എന്നിവരടക്കം ഒട്ടേറെ നേതാക്കൾ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഗ്രാമത്തിലെ സാഹചര്യങ്ങൾ സമാധാനപരമായിട്ടുണ്ടെന്നും എല്ലാ വിഭാഗങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന പ്രദേശമാണിതെന്നും പുറത്തുനിന്നു വന്നവരാണ് പ്രശ്നമുണ്ടാക്കിയതെന്നും ഗ്രാമീണർ പ്രതികരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]