
‘ചിലത് സംസാരിക്കാനുണ്ട്’: ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങൾ; ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രതിഷേധം
കോട്ടയം∙ കോട്ടയം മെഡിക്കൽ കോളജിൽ ശുചിമുറിക്കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ മോർച്ചറിക്കു മുന്നിൽ നാടകീയ രംഗങ്ങൾ. ബിന്ദുവിന്റെ മൃതദേഹം ആംബുലൻസിലേക്കു മാറ്റുമ്പോൾ കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രവർത്തകർ ആംബുലൻസ് തടയുകയായിരുന്നു. തുടർന്ന് സമരക്കാരെ പൊലീസ് ആംബുലൻസിനു മുന്നിൽനിന്ന് ഉന്തി മാറ്റിയതോടെ പൊലീസും സമരക്കാരും തമ്മിൽ തർക്കമുണ്ടായി.
ഇതിനിടെ ആംബുലൻസ് കടത്തിവിട്ടെങ്കിലും തർക്കം തുടരുകയാണ്.
ചാണ്ടി ഉമ്മൻ എംഎൽഎയുെട
നേതൃത്വത്തിലാണ് കോൺഗ്രസിന്റെ പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ബിന്ദുവിന്റെ മൃതദേഹം കൊണ്ടുപോകാതെ പ്രതിഷേധിക്കാനാണ് അവരുടെ കുടുംബം തീരുമാനിച്ചതെന്നും അവരെ പറഞ്ഞു ബോധ്യപ്പെടുത്തി അവരെ പോകാൻ അനുവദിക്കണമെന്നു പറയാൻ വന്നപ്പോഴാണ് പൊലീസ് സമരക്കാരെ കയ്യേറ്റം ചെയ്തതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
‘‘ആ കുടുംബത്തിന്റെ പ്രതിഷേധം അറിയിക്കാൻ പോയപ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. പൊലീസ് ഇന്ന് ഗുണ്ടകളായി മാറിയിരിക്കുന്നതിന്റെ തെളിവാണിത്.
ആ കുടുംബത്തിനു വേണ്ടിയാണ് സംസാരിക്കാൻ വന്നത്. മൃതദേഹം കൊണ്ടുപോകാൻ താൽപര്യമില്ലെന്നു കുടുംബാംഗങ്ങൾ പറഞ്ഞു.
അവർക്കുവേണ്ടി ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കാനാണ് വന്നത്. ഒരു കാര്യം സർക്കാരിനോട് പറയുന്നു.
വയനാട്ടിലെ സ്ഥിതി ഇവിടെ ആവർത്തിക്കാനാവില്ല’’–ചാണ്ടി ഉമ്മൻ പറഞ്ഞു. ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]