
‘കെട്ടിടം പൂർണമായി വീഴുകയാണെന്ന് കരുതി; കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളജിൽ ഇടിഞ്ഞുവീണ കെട്ടിടം ഉപയോഗത്തിലില്ലായിരുന്നെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും. ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നവരും ശസ്ത്രക്രിയ കഴിഞ്ഞവരും തകർന്ന കെട്ടിടത്തിലെ വാർഡുകളിൽ ഉണ്ടായിരുന്നെന്ന് കൂട്ടിരിപ്പുകാർ മനോരമ ഓൺലൈനോടു പറഞ്ഞു. തകർന്നുവീണ കെട്ടിടത്തിന് 68 വർഷത്തെ പഴക്കമുണ്ട്.
‘‘കെട്ടിടം മുഴുവൻ ഇടിഞ്ഞുവീഴുമെന്നാണ് കരുതിയത്. അത്രയും വലിയ ശബ്ദമാണ് കേട്ടത്. കെട്ടിടം പ്രവർത്തനക്ഷമമല്ലെന്ന് മന്ത്രിമാർ പറയുന്നത് തെറ്റാണ്. ഞങ്ങൾ ആ കെട്ടിടത്തിൽ ഉണ്ടായിരുന്നവരാണ്. അവിടെയൊരു ക്യാമറയുണ്ട്. വേണമെങ്കിൽ നിങ്ങൾക്കത് പരിശോധിക്കാം. കെട്ടിടത്തിൽ 3 ശുചിമുറികളുണ്ടായിരുന്നു. ഒരെണ്ണം ഉപയോഗക്ഷമമായിരുന്നില്ല. മറ്റു രണ്ടെണ്ണം പത്താം വാർഡിലെ എല്ലാവരും ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വന്നവരാണ് ഞങ്ങൾ. ശുചിമുറിക്കെട്ടിടം ഉപയോഗശൂന്യമാണെന്നോ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനിരിക്കുകയാണെന്നോ ഞങ്ങളോട് ആരും പറഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ വശങ്ങൾ വിണ്ടുകീറിയിട്ടുണ്ടായിരുന്നു. പൊളിഞ്ഞുവീഴാൻ പോകുന്നതാണെന്നൊന്നും മനസ്സിലായില്ല.’’– ഒരു രോഗിക്കൊപ്പം കൂട്ടിരിക്കാൻ വന്ന ശിൽപ ഷാജി പറഞ്ഞു.
10,14 വാർഡുകളിലെ രോഗികളും അവർക്കൊപ്പമുള്ളവരും ഇടിഞ്ഞുവീണ കെട്ടിടത്തിലെ ശുചിമുറി തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അപകടത്തിനു 10 മിനിറ്റു മുൻപ് ശുചിമുറി ഉപയോഗിച്ച് പുറത്തിറങ്ങിയവർ പറയുന്നു. കെട്ടിടം ഉപയോഗശൂന്യമാണെങ്കിൽ ഇത്രയും പേർ അത് ഉപയോഗിക്കുമായിരുന്നോയെന്ന് മകന്റെ ചികിത്സാർഥം ആശുപത്രിയിലെത്തിയ ഒരാൾ ചോദിക്കുന്നു. ഉപയോഗശൂന്യമായ കെട്ടിടമാണെങ്കിൽ അതു പൊളിച്ചുകളയണമായിരുന്നു. പകരം ഇത്ര നാൾ നിലനിർത്തി ഇത്ര വലിയ ദുരന്തമുണ്ടാക്കേണ്ടിയിരുന്നോയെന്നും അദ്ദേഹം പറഞ്ഞു.
‘‘കെട്ടിടം തകർന്നുവീഴുന്നതു കണ്ട് കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടം പൂർണമായി വീഴുകയാണെന്ന് കരുതി’’–മകളുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെത്തിയ ലിസി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇവർ അഡ്മിറ്റായത്. കൈയ്ക്ക് സുഖമില്ലാത്ത അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ ലതയ്ക്കും പറയാനുള്ളത് ഇതേ അനുഭവം. ‘‘കെട്ടിടം ഉപയോഗശൂന്യമാണെന്ന് ആരും പറഞ്ഞിരുന്നില്ല. കെട്ടിടം വീഴുന്നതുകണ്ട് അമ്മയെ പിടിച്ചിറക്കിയെങ്കിലും നിൽക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. തുടർന്ന് നഴ്സുമാരും ജീവനക്കാരും ചേർന്ന് വീൽചെയർ എത്തിച്ചശേഷമാണ് വാർഡിൽനിന്ന് പുറത്തെത്തിച്ചത്. അപ്പോഴേക്കും തകർന്ന കെട്ടിടത്തിന്റെ കല്ലും മണ്ണുമെല്ലാം വാർഡിലെ മുറിയുടെ വാതിൽക്കൽവരെ വന്നു വീണിരുന്നു’’– ലത പറഞ്ഞു.