
ആലപ്പുഴ: 15 വർഷം മുമ്പ് ആലപ്പുഴ മാന്നാറിൽ കല എന്ന യുവതിയെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 20കാരിയായ കലയെ കാണാതായി എന്നാണ് ഭർത്താവ് അനിൽ പൊലീസിൽ പരാതി നൽകിയത്. അന്ന് ഈ കേസിൽ കൂടുതൽ അന്വേഷണമുണ്ടായില്ല. പരാതിയുമായി കലയുടെ ബന്ധുക്കൾ മുന്നോട്ട് പോകാത്തതാണ് അന്വേഷണം നിലയ്ക്കാൻ കാരണം. കലക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഒളിച്ചോടിയെന്നുമാണ് അനിൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ, കൊലപാതകമാണെന്നാണ് പുതിയ വിവരം. ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിൻ്റെ ആദ്യ ഭാര്യയായിരുന്നു കല.
ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പ്രണയിച്ച് വിവാഹിതരായതാണ്. വിവാഹത്തിന് ശേഷം അനിൽ ജോലിക്കായി ഇസ്രായേലിലേക്ക് പോയി. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. അധികം വൈകാതെ കലയെ കാണാതായി. മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനിൽ പറഞ്ഞത്. അനിലിന്റെ വാക്കുകൾ നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു. പൊലീസും സംഭവത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ല.
Read More….
പിന്നീട് അനിൽ വേറെ വിവാഹം കഴിച്ചു. മാന്നാറിലെ വീടിന് പൊളിച്ച് പുതുക്കി പണിതു. എന്നാൽ, ശുചിമുറി പൊളിച്ച് പണിതില്ല. നിർണായകമായി രണ്ട് മാസം മുൻപ് ഊമക്കത്ത് ലഭിച്ച പൊലീസ് ഇതിൽ പങ്കാളികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പിന്നാലെയാണ് ഇന്ന് മാന്നാറിലെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. കലയുടെ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമം തുടങ്ങി. അഴുകിയ മൃതദേഹം കണ്ടെത്തുകയാണ് പൊലീസിന് മുന്നിലെ വെല്ലുവിളി. മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന പുരോഗമിക്കുകയാണ്. ഇലന്തൂര്‍ നരബലിയിലടക്കം മൃതദേഹങ്ങൾ കുഴിച്ചെടുത്ത സോമനാണ് മാന്നാറിലും പൊലീസിനെ സഹായിക്കുന്നത്.
Last Updated Jul 2, 2024, 7:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]