
‘മാപ്പു പറയുന്നോ ഇല്ലയോ’ എന്ന് കോടതി; ഇല്ല എന്ന് കമൽഹാസൻ: ‘പരാമർശം ദുരുദ്ദേശ്യത്തോടെയല്ല’
ബെംഗളൂരു∙ കന്നഡ ഭാഷയെ അപമാനിച്ചെന്ന വിവാദത്തിൽ മാപ്പ് പറയില്ലെന്ന് നടൻ കമൽ ഹാസൻ. പരാമർശങ്ങൾ ദുരുദ്ദേശ്യത്തോടെയല്ലെന്നും അതിനാൽ മാപ്പ് പറയാൻ തയാറല്ലെന്നും കർണാടക ഹൈക്കോടതിയിൽ നടൻ നിലപാടറിയിച്ചു.
കന്നഡയും തമിഴും മലയാളവും ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളതാണെന്ന കാര്യമാണ് താൻ പറഞ്ഞതെന്നും ദുരുദ്ദേശ്യത്തോടെയല്ല പരാമർശം നടത്തിയതെന്നും പറഞ്ഞ കമൽ, മാപ്പ് പറയില്ലെന്ന് കോടതിയെ അറിയിച്ചു.
കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന് ധ്യാൻ ഛിന്നപ്പ കമലിനു വേണ്ടി ഹാജരായി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
മാപ്പ് പറയുന്നുണ്ടോ ഇല്ലയോ എന്ന ഒറ്റ ചോദ്യമാണ് കോടതി ചോദിച്ചത്. മാപ്പ് പറയില്ലെന്ന കമലിന്റെ ഉറച്ച നിലപാട് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കമൽഹാസൻ കർണാടക ഫിലിം ചേംബറിനു നൽകിയ കത്ത് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.
അതിൽ, കമലിന് കന്നഡിഗരോടുള്ള അടുപ്പവും സ്നേഹവുമൊക്കെ വിശദീകരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ഒരു കാര്യം വിശദീകരിക്കുന്നതിനു പല വഴികളുണ്ടെന്നും എന്നാൽ മാപ്പ് പറയുന്നതിന് ഒറ്റ മാർഗമേയുള്ളുവെന്നും പറഞ്ഞ കോടതി, മാപ്പ് പറയുന്നുണ്ടോ എന്ന് എടുത്തു ചോദിച്ചു.
അത്തരമൊരു കാര്യം നിർബന്ധിക്കേണ്ടതില്ലെന്നും സിനിമയുടെ റിലീസ് മാറ്റി വയ്ക്കാമെന്ന് കമൽ അറിയിച്ചുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് നീട്ടിവച്ച കോടതി ജൂൺ 10ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]