
പല ജയിലുകളും ഇന്ന് കറക്ഷണൽ ഹോമുകളായിട്ടാണ് പ്രവർത്തിക്കുന്നത്. അതായത്, കുറ്റവാളികളെ നന്നാക്കാനുള്ള ഇടങ്ങളായി കൂടി അവ മാറുന്നു. എന്നാൽ, എല്ലായിടത്തും അതല്ല സ്ഥിതി. വളരെ ക്രൂരവും പരിതാപകരവുമായ അവസ്ഥകൾ നിലനിൽക്കുന്ന ജയിലുകളും ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഉണ്ട്. അതിലൊന്നാണ് യുഎസിലെ വിർജീനിയയിലെ റെഡ് ഒണിയൻ സ്റ്റേറ്റ് ജയിൽ.
റെഡ് ഒണിയൻ ജയിലിലെ തടവുകാർ ഇപ്പോൾ നിരാഹാര സമരത്തിലാണത്രെ. കഠിനമായ ശിക്ഷകൾക്ക് പേരുകേട്ടതാണ് ഈ ജയിൽ. എന്നാൽ, അത് സഹിക്കാവുന്നതിലും അപ്പുറമായി എന്നാരോപിച്ചാണ് തടവുകാർ ഇപ്പോൾ സമരത്തിനിറങ്ങിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ജയിൽ ഉദ്യോഗസ്ഥർ ബോധപൂർവം സെല്ലുകളിലെ ജലവിതരണം വെട്ടിക്കുറച്ചു എന്നാണ് തടവുകാർ പറയുന്നത്. അതോടെ ഇവിടുത്തെ തടവുകാർ അവരുടെ വൃത്തിഹീനമായ ടോയ്ലറ്റ് ബൗളിൽ നിന്നും വെള്ളം കുടിക്കാൻ നിർബന്ധിതരായി എന്നും അത് നിരവധി രോഗങ്ങൾക്ക് കാരണമായിത്തീർന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. തടവുകാർക്ക് വേണ്ടുന്ന സൗകര്യങ്ങളൊരുക്കേണ്ടുന്ന ഉദ്യോഗസ്ഥർ അതൊന്നും ചെയ്തില്ലെന്നും തടവുകാർ ആരോപിക്കുന്നു.
തടവുകാർക്ക് ശുചിത്വം പാലിക്കാനുള്ള സൗകര്യം പോലും ഇവിടെ ഒരുക്കിയില്ല. മതിയായ കുടിവെള്ളം നൽകിയില്ല. നിർജ്ജലീകരണം മൂലം നിരവധി അന്തേവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇതിനെല്ലാമെതിരെയാണ് ഇപ്പോൾ തടവുകാർ നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്.
വിർജീനിയയിലെ വൈസ് കൗണ്ടിയിലാണ് റെഡ് ഒണിയൻ സ്റ്റേറ്റ് ജയിൽ സ്ഥിതി ചെയ്യുന്നത്. ജയിലിൽ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധരായ തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. 1998 -ൽ നിർമ്മിച്ച ഈ ജയിലിൽ 800 -ലധികം തടവുകാരാണ് ഉൾക്കൊള്ളുന്നത്. ഈ ജയിൽ സൂപ്പർമാക്സ് ജയിൽ എന്നും അറിയപ്പെടുന്നു. അപകടകാരികളായ അനേകം കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്നതുകൊണ്ടാണ് ഈ ജയിലിന് അങ്ങനെ ഒരു പേര് വന്നിരിക്കുന്നത്.
(ചിത്രം പ്രതീകാത്മകം, കടപ്പാട്: freepik)
Last Updated Jun 3, 2024, 4:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]