
12:40 PM IST:
ആന്ധ്രയിലെ നർസാരോപേട്ടിൽ ബസ് മറിഞ്ഞ് ഒരു മരണം. കർണാടകയിലെ പലനാടിൽ നിന്ന് ആന്ധ്രയിലെ യാനത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. ഇന്നലെ പെയ്ത കനത്ത മഴയിൽ കെട്ടിക്കിടന്ന ചളിയിൽ തെന്നി ബസ് മറിയുകയായിരുന്നു.
12:39 PM IST:
പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കുക പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. കൃത്രിമം നടക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ഇന്ത്യ സഖ്യം നേതാക്കൾ ഉന്നയിച്ച ആവശ്യം തള്ളിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവെക്കാൻ വ്യവസ്ഥയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടെണ്ണലിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കൾ ഇന്നലെ തെരെഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലെ പ്രധാന ആവശ്യമായിരുന്നു ഇത്.
12:39 PM IST:
എത്ര കാലം ജയിലിൽ കഴിഞ്ഞാലും കെജ്രിവാൾ തന്നെയായിരിക്കും മുഖ്യന്ത്രിയെന്ന് എഎപി ജനറൽ സെക്രട്ടറി സന്ദീപ് പഥക് ഏഷ്യാനെറ്റ് ന്യൂസിനോട്. പാർട്ടി ഒറ്റക്കെട്ടായി കെജ്രിവാളിനൊപ്പമെന്നും എക്സിറ്റ് പോളുകൾ ശുദ്ധതട്ടിപ്പാണെന്നും സന്ദീപ് പഥക് ചൂണ്ടിക്കാട്ടി. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി വിജയിക്കും. പാർട്ടിക്കുള്ളിൽ പ്രതിസന്ധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
12:39 PM IST:
മാവൂർ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം ആണ് ഇയാളെ പുഴയിൽ കാണാതായതായി സംശയം ഉയർന്നത്. ഇയാൾ പുഴയിൽ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
12:38 PM IST:
ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ രണ്ടാം നിര നേതൃത്വത്തിലേക്ക് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതല കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകി.
12:37 PM IST:
ഇന്ത്യ മുന്നണിയിലെ തർക്കങ്ങളിൽ അതൃപ്തി പരസ്യമാക്കി ഡിഎംകെ. തോറ്റാൽ കാരണം നേതാക്കളുടെ ഈഗോയും അനൈക്യവും എന്ന് സംഘടന സെക്രട്ടറി ആർ. എസ്. ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സീറ്റ് വിഭജനത്തിൽ അടക്കം സാധ്യമായതെല്ലാം ഡിഎംകെ ചെയ്തു. എന്നാൽ പല നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. കേരളവും ബംഗാളും ഉദാഹരണം എന്നും ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
12:34 PM IST:
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ അഹമ്മദ് ദേവർകോവിൽ അടക്കമുള്ള ഒരുപറ്റം നേതാക്കൾക്ക് ഇടതുമുന്നണിയിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ. പിടിഎ റഹീമിനും മുന്നണി വിടേണ്ടി വരുമെന്നും മുനീർ പറഞ്ഞു. അതേസമയം ദേവർകോവിലിന് യുഡിഎഫുമായി നേരത്തെ തന്നെ നല്ല ബന്ധമാണുള്ളതെന്നും സമസ്ത വിഷയത്തിൽ ലീഗിനെ സംരക്ഷിക്കുന്ന നിലപാടാണ് ദേവർകോവിൽ സ്വീകരിച്ചതെന്നും ഐഎൻഎൽ വഹാബ് വിഭാഗം ആരോപിച്ചു.
12:34 PM IST:
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം.
7:00 AM IST:
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്.