
കറുത്ത വർഗക്കാരായ എട്ട് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ച അമേരിക്കൻ എയർലൈനിനെതിരെ കേസ്. ശരീര ദുർഗന്ധം ആരോപിച്ചാണ് ഇവരോട് വിമാനത്തിൽ നിന്ന് പുറത്തുപോകാൻ എയർലൈൻ ജീവനക്കാർ ആവശ്യപ്പെട്ടത്.
ജനുവരി 5 -ന് അരിസോണയിലെ ഫീനിക്സിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് ഈ സംഭവം നടന്നത്. പുറത്താക്കപ്പെട്ട യാത്രക്കാരിൽ മൂന്നുപേർ എയർലൈനിനെതിരെ വംശീയ വിവേചനം ആരോപിച്ച് കേസ് കൊടുത്തതോടെയാണ് സംഭവം പുറത്ത് വന്നത്. തങ്ങൾക്ക് പരസ്പരം അറിയില്ലെന്നും സംഭവം നടന്ന ദിവസം വിമാനത്തിൽ വ്യത്യസ്ത ഇടങ്ങളിൽ ഇരുന്ന തങ്ങൾ ഓരോരുത്തരുടെയും അടുത്ത് എയർലൈൻ ജീവനക്കാരെത്തി പുറത്തു പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയുമായി മുന്നോട്ട് വന്നവർ പറഞ്ഞു.
എന്തിനാണ് തന്നെ പുറത്താക്കുന്നതെന്ന് ചോദിച്ച ഒരു യാത്രക്കാരന് എയർലൈൻ ജീവനക്കാർ നൽകിയ മറുപടി ഞെട്ടിക്കുന്നതായിരുന്നുവെന്നും ഇവർ പറഞ്ഞു. വിമാനത്തിനുള്ളിൽ ദുർഗന്ധം അനുഭവപ്പെടുന്നതായി ചില യാത്രക്കാർ ചൂണ്ടിക്കാട്ടിയെന്നും അതിനാൽ കറുത്ത വർഗക്കാരായിട്ടുള്ളവർ പുറത്തു പോകണമെന്നുമായിരുന്നു ജീവനക്കാരുടെ ആവശ്യം. കറുത്ത വർഗക്കാരുടെ ശരീരത്തിൽ നിന്ന് മാത്രമേ ദുർഗന്ധം ഉണ്ടാവുകയുള്ളൂവെന്ന ജീവനക്കാരുടെ നിലപാട് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നാണ് പരാതിക്കാർ പറയുന്നത്. വംശീയ വിവേചനത്തിൻ്റെ വ്യക്തമായ ഉദാഹരണമാണ് ഇതെന്നും അവർ ചൂണ്ടികാട്ടി.
എട്ട് കറുത്തവർഗ്ഗക്കാരോട് ടിക്കറ്റ് തിരികെ വാങ്ങണമെന്നും മറ്റൊരു വിമാനത്തിൽ പോകണമെന്നുമായിരുന്നു എയർലൈന്റെ ആവശ്യം. എന്നാൽ, ഒരു അമേരിക്കൻ പ്രതിനിധി അവരെ റീബുക്ക് ചെയ്യാൻ ഇനി ഫ്ലൈറ്റുകൾ ഇല്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ഒടുവിൽ അവരെ അതേ വിമാനത്തിൽ തന്നെ യാത്ര ചെയ്യാൻ അനുവദിച്ചു. ഇതേ തുടർന്ന് വിമാനം ഒരു മണിക്കൂറിലധികം വൈകിയതായാണ് പത്രക്കുറിപ്പിൽ പറയുന്നത്.
Last Updated Jun 2, 2024, 3:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]