
പത്തനംതിട്ട: ഗൂഗിൾ മാപ്പ്സ് നോക്കി സഞ്ചരിച്ച് കാറും ഡ്രൈവറും ചെങ്കുത്തായ മലഞ്ചെരുവിൽ അകപ്പെട്ടു. കൊടുമൺ ഐക്കാട് സ്വദേശിയും ബംഗളൂരുവിൽ സോഫ്റ്റ്വെയര് എൻജിനീയറുമായ ഷൈബി എന്ന വ്യക്തിയാണ് കരിമാൻകാവ് മറ്റപള്ളി റബ്ബർ എസ്റ്റേറ്റിൽ അപകടാവസ്ഥയിൽ അകപ്പെട്ടത്. ലീവ് കഴിഞ്ഞ് നാളെ ബംഗളൂരുവിലേക്ക് പോകുവാൻ ഇരിക്കെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോട് കൂടി നൂറനാട് ഭാഗത്തുനിന്ന് ഗൂഗിൾ മാപ്പ്സ് നോക്കി സഞ്ചരിച്ച് കൊശ്ശനാട് എന്ന സ്ഥലത്ത് എളുപ്പമാർഗം പോകാനാണ് ഷൈബി ശ്രമിച്ചത്. തുടർന്ന് വഴിതെറ്റി ആദികാട്ടുകുളങ്ങരയിൽ നിന്നും കരിമാൻ കാവ് അമ്പലത്തിന് സമീപത്ത് കൂടി മറ്റപള്ളി മലയിൽ റബ്ബർ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലേക്ക് പോവുകയുമായിരുന്നു.
വഴിതെറ്റിയെന്ന് മനസിലാക്കിയതിനെ തുടർന്ന് വാഹനം തിരിക്കുവാൻ മുന്നോട്ടുപോവുകയും തുടർന്ന് 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയുമായിരുന്നു. വാഹനം തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിൽ ഇദ്ദേഹം ഇന്റർനെറ്റ് വഴി ഏറ്റവും അടുത്തുള്ള ഫയർസ്റ്റേഷൻ നമ്പർ എടുത്ത് അടൂർ അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചു.
അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് സീനിയർ ഫയർ ആൻഡ് ഓഫീസർ,
ബി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സജാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സാനിഷ്, ദീപേഷ്, ഹോംഗാർഡ് പി എസ് രാജൻ എന്നിവർ ഫയർഫോഴ്സിന്റെ ഓഫ് റോഡ് വാഹനവുമായി സ്ഥലത്തെത്തി വളരെ സാഹസികമായി റോപ്പും ഫയർഫോഴ്സിന്റെ വാഹനവും ഉപയോഗിച്ച് കാർ റിവേഴ്സിൽ സുഖമായ സ്ഥലത്ത് എത്തിച്ചു.
ഈ സ്ഥലത്ത് മുൻപും ഇങ്ങനെ വാഹനങ്ങൾ വഴിതെറ്റി വന്നിട്ടുണ്ടെന്നും കാണുന്ന നാട്ടുകാർ വഴിതിരിച്ചു വിടാറുണ്ട് എന്നും മുൻപ് ഈ സ്ഥലത്ത് മൂന്നു വാഹനങ്ങൾ തലകീഴായി മറിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ അറിയിച്ചു. വിജനമായ സ്ഥലത്ത് കാർ കയറിപ്പോയതിനാൽ നാട്ടുകാർ അന്വേഷിച്ചു പോവുകയായിരുന്നു. നാട്ടുകാരിൽ ചിലരാണ് ലൊക്കേഷൻ ഫയർഫോഴ്സിനെ വ്യക്തമായി അറിയിച്ചത്. വലിയ ഒരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഷൈബി പറഞ്ഞു. ഗൂഗിൾ മാപ്പ്സ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ വിജനമായ സ്ഥലത്ത് കൂടി ആണ് പോകുന്നതെങ്കിൽ ഇത് ശരിയായ വഴിയാണോ എന്ന് മറ്റു മാർഗങ്ങളിൽ കൂടി അന്വേഷിച്ചു പോകുന്നത് ഇത്തരം അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]