
ചെന്നൈ: ചെന്നൈ നഗരത്തിലെ കടകളുടെ ബോർഡുകളിൽ തമിഴ് ഭാഷ പ്രധാന്യത്തോടെ ഉൾപ്പെടുത്തണമെന്ന ഗ്രേറ്റർ ചെന്നൈ കോർപറേഷൻ വ്യാപാരികളോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികൾ, വിതരണക്കാർ, റസ്റ്റോറന്റ് ഉടമകൾ തുടങ്ങിയവരുമായി റിപ്പൺ ബിൽഡിങിൽ വെച്ച് നടത്തിയ ചർച്ചയിലാണ് നിർദേശം. ബോർഡുകളിൽ തമിഴ് ഭാഷയിൽ കടകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്നാണ് അറിയിപ്പ്. ഇത് സംബന്ധിച്ച് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
വാണിജ്യ സ്ഥാപനങ്ങളുടെ പേരുകൾ തമിഴിൽ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബോർഡുകൾ തമിഴ് ഭാഷയിൽ ആക്കേണ്ടതിന്റെ പ്രാധാന്യം വ്യാപാരികളെ ബോധ്യപ്പെടുത്താൻ ലഘുലേഖകൾ ഉൾപ്പെടെ നൽകി ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ ശ്രമങ്ങൾ നടത്തുമെന്നാണ് അറിയിപ്പ്.
ബോർഡുകളിൽ തമിഴ് ഭാഷയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. 1948ലെ തമിഴ്നാട് ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമം 18-ാം വകുപ്പ് അനുസരിച്ച് രണ്ടായിരം രൂപ പിഴയും 1958ലെ കാറ്ററിങ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് 500 രൂപയും പിഴ ഈടാക്കുമെന്നാണ് അറിയിപ്പ്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കമ്മീഷണർ കെ കുമാരഗുരുബരൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]