
കാജൽ, നേഹ, സ്വീറ്റി…; മാട്രിമോണിയലിൽ പരസ്യം, 21 വയസ്സിനിടെ വിവാഹം കഴിച്ചത് 12 പേരെ: ‘ഡാകു ദുൽഹൻ’ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലക്നൗ∙ ഗുജറാത്തിൽ കാജൽ, ഹരിയാനയിൽ സീമ, ബിഹാറിൽ നേഹ, ഉത്തർ പ്രദേശിൽ സ്വീറ്റി…മാട്രിമോണിയൽ സൈറ്റുകളിലൂടെ 21 വയസ്സിനിടെ 12 പേരെ വിവാഹം കഴിച്ച് പണം തട്ടിയ യുവതി പിടിയിൽ. ലക്നൗ സ്വദേശിയായ ഗുൽഷാന റിയാസ് ഖാനാണ് . വിവാഹം ശരിയാകാത്ത പുരുഷന്മാരെയാണ് ഇവർ നോട്ടമിട്ടിരുന്നത്. ഇവരുടെ തട്ടിപ്പു സംഘത്തിലുണ്ടായിരുന്ന 8 പേരെയും ലക്നൗ അംബേദ്കർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു.
‘ഡാകു ദുൽഹൻ’ അഥവാ തട്ടിപ്പ് വധു എന്ന് പൊലീസ് പേരിട്ട ഗുൽഷാനയുടെ വിവാഹത്തട്ടിപ്പ് ഇങ്ങനെ: 5 സ്ത്രീകളും 4 പുരുഷന്മാരും അടങ്ങുന്നതാണ് ഗുൽഷാനയുടെ തട്ടിപ്പുസംഘം. സംഘത്തിലെ മറ്റുള്ളവർ ഗുൽഷാനയുടെ ബന്ധുക്കളായി അഭിനയിക്കും. വിവിധ സംസ്ഥാനങ്ങളിലെ മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും കേന്ദ്രീകരിച്ച് വിവാഹ പരസ്യങ്ങൾ നൽകും. വിവിധ പേരുകളിൽ ഗുൽഷാനയുടെ ചിത്രമാണ് നൽകുക. താൽപര്യം അറിയിക്കുന്ന യുവാക്കളുടെ മാതാപിതാക്കളുമായി സംസാരിച്ച് നല്ല രീതിയിൽ തന്നെ വിവാഹം നടത്തും.
വിവാഹം വൈകിയ യുവാക്കളെ കല്യാണം കഴിക്കുന്നതിന്റെ പേരിൽ അവരുടെ മാതാപിതാക്കളിൽനിന്ന് നല്ലൊരു തുകയും വിലപേശി വാങ്ങും. പിന്നീടാണ് ട്വിസ്റ്റ്. വിവാഹത്തിന്റെ അന്നോ കുറച്ചു ദിവസങ്ങൾക്കു ശേഷമോ ‘വധു’വിനെ മോട്ടർ സൈക്കിളിലെത്തുന്ന സംഘം തട്ടിക്കൊണ്ടു പോകും. തുടർന്ന് വരൻ ബഹളം വയ്ക്കുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിട്ടുണ്ടാകും. പിന്നീട് വധുവിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടാകില്ല.
യുപിയിലെ ജൗൻപുർ സ്വദേശിയായ റിയാസ് ഖാനാണ് ഗുൽഷാനയുടെ ‘യഥാർഥ വരൻ’. തയ്യൽ ജോലി ചെയ്യുന്ന ഇയാൾക്ക് ഗുൽഷാനയുടെ തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നും വിവാഹത്തട്ടിപ്പിലൂടെ ഇവർക്ക് കിട്ടുന്ന തുകയുടെ 5 % ഇയാൾ കൈപ്പറ്റാറുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റിലാകുമ്പോൾ ഇവരുടെ പക്കൽനിന്ന് 72,000 രൂപയും താലിമാലയിലും 11 മൊബൈൽ ഫോണും 3 വ്യാജ ആധാർ കാർഡും പിടിച്ചെടുത്തതായി അംബേദ്കർ നഗർ എസ്പി കേശവ് കുമാർ പറഞ്ഞു.