‘പാക്കിസ്ഥാനുള്ള സഹായങ്ങൾ റദ്ദാക്കണം, വായ്പ നൽകുന്നത് പുനഃപരിശോധിക്കണം’: രാജ്യാന്തര വേദികളിൽ ഇന്ത്യ
ന്യൂഡൽഹി∙ രാജ്യാന്തര വേദികളിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി സമ്മർദം ശക്തമാക്കാൻ ഇന്ത്യയുടെ ശ്രമം. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ ചെയ്തികൾ രാജ്യാന്തര വേദികളുടെ ശ്രദ്ധയിൽപ്പെടുത്തി അവിടെനിന്ന് പാക്കിസ്ഥാന് ലഭിക്കുന്ന സഹായങ്ങൾ റദ്ദാക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു.
രാജ്യാന്തര നാണയ നിധി (ഐഎംഎഫ്), കള്ളപ്പണം വെളുപ്പിക്കൽ തടയുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്), യുഎൻ എന്നീ വേദികളിൽ പാക്കിസ്ഥാനെതിരെ നീക്കം ശക്തമാക്കാനാണ് തീരുമാനം.
പാക്കിസ്ഥാന് ഫണ്ടുകളും വായ്പകളും നൽകുന്നത് പുനഃപരിശോധിക്കണമെന്ന് ഐഎംഎഫിനോട് ഇന്ത്യ ആവശ്യപ്പെടും.
പാക്കിസ്ഥാനെ ‘ഗ്രേ’ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തണമെന്നാകും എഫ്എടിഎഫിനോട് ആവശ്യപ്പെടുക. ഐഎംഎഫിന്റെ സാമ്പത്തിക സഹായത്തോടെയാണ് പാക്കിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞവർഷം 700 കോടി ഡോളറാണ് ഐഎംഎഫ് പാക്കിസ്ഥാന് വായ്പ നൽകിയത്. മാർച്ചിൽ 130 കോടിയുടെ സഹായവും നൽകിയിരുന്നു.
മേയ് 9ന് ഐഎംഎഫ് എക്സിക്യൂട്ടിവ് ബോർഡ് പാക്കിസ്ഥാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ഇന്ത്യയുടെ ആവശ്യം. ഐഎംഎഫിൽനിന്നുള്ള പണം മുടങ്ങിയാൽ പാക്കിസ്ഥാൻ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകും ഉണ്ടാകുക. അതിനിടെ, അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്.
നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. കുപ്വാര, ഉറി, അഖ്നൂർ മേഖലകളിലാണ് പാക്കിസ്ഥാൻ വെടിയുതിർത്തത്.
ഇത് ഒൻപതാം തവണയാണ് പാക്കിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]