
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
എല്ലാ മാര്‍ച്ചിലും എങ്ങനെയാവും ഇനി വരുന്ന അവധിക്കാലമെന്ന് സ്വപ്നം കാണും. പഴയ ടേപ്പ് റെക്കോര്‍ഡറും കൈയിലേന്തി ചാരുകസേരയില്‍ ഇരുന്ന് വിദൂരതയിലേക്ക് നോക്കി അവധിക്കാല ദിനങ്ങള്‍ സങ്കല്പ്പിച്ചു കൂട്ടും. അങ്ങനെ ഒരു ജെന്‍സീ കിഡിന്റെ അവധിക്കാലത്തിന് തുടക്കമാവും.
ഉഷ്ണരാശിയുടെ കഠിന പ്രഹരത്തില്‍, മാര്‍ച്ച് അവസാനവാരം പരീക്ഷ തീരുന്ന ആഹ്ലാദത്തോടെ ഞാനും ആദിയും അച്ഛാച്ഛന്റെ വീട് ലക്ഷ്യമാക്കി യാത്ര തിരിക്കും. അവിടെ കനാലുണ്ട്, വയല്‍ വരമ്പുകളുണ്ട് , മഹാഗണിക്കാടും അപ്പൂപ്പന് താടിയുടെ മരവുമുണ്ട്. അവിടെത്തിയാല്‍, വൈകുന്നേരങ്ങളില്‍ അയല്‍പ്പക്കത്തെ കൂട്ടുകാരുമായി സൈക്കിള്‍ സവാരിക്കിറങ്ങും. വേനല്ത്തുമ്പികളെപ്പോലെയുള്ള കുട്ടിക്കൂട്ടത്തിന്റെ സഞ്ചാരം വീട്ടിലിരുന്നുള്ള ഒറ്റപ്പെടലിനെ മറികടക്കാനുള്ള ഉപാധിയായിരുന്നു. പാട്ടുകച്ചേരിയും നൃത്ത സദസ്സുകളും മിഠായി കച്ചവടവുമൊക്കെ തകര്‍ക്കും.
അക്കിത്തത്തെയും ഒഎന്‍വിയെയും എം ടി യെയും ആശാനെയും ചങ്ങമ്പുഴയെയും വായിച്ചറിഞ്ഞ കാലം കൂടിയാണത്. അടുത്തുള്ള വായനശാലയില്‍ മെമ്പര്‍ഷിപ്പ് എടുത്തതും അവിടുത്തെ സ്ഥിരം സന്ദര്ശകയായതുമൊക്കെ അക്കാലത്തായിരുന്നു. അച്ഛനുമമ്മയും വരുമ്പോള്‍ കൊണ്ടു തരുന്ന ബാലരമയ്ക്കും അച്ഛാച്ഛന് തപാലില്‍ സമ്മാനമായയ്ക്കുന്ന തത്തമ്മയ്ക്ക് വേണ്ടിയും എന്തു മാത്രം കാത്തിരുന്നിട്ടുണ്ടെന്നോ. ഞാനെഴുതിയ കൊച്ചുകഥകള് മുത്തശ്ശിക്ക് വായിച്ച് കൊടുത്തിരുന്നത് മനസ്സില്‍ മായാതെ നില്ക്കുന്നു. ഇടയ്ക്കെപ്പോഴോ കൊച്ചു ടിവിയ്ക്ക് മുന്നിലായി. ഡോറയും മാര്സുവുമൊക്ക ഞങ്ങളെ ടിവിക്ക് മുന്നില്‍ പിടിച്ചിരുത്തി.
വിഷു ആഘോഷത്തിന്റെ സമാപനത്തോടെ മേമയുടെ അസിസ്റ്റന്റാവും. പിന്നെ, പാചക പരീക്ഷണങ്ങളും കേക്ക് ബേക്കിംഗുമൊക്കെയായി ദിവസങ്ങള്‍ക്ക് രസം നിറയും. ഉപ്പുമാങ്ങാ ഭരണികളും പഴുത്ത മാങ്ങയും ചക്കമേളവുമൊക്കെയായി അടുക്കള രുചിമയമാകും. നറുനെയ്യിന്റെ കലര്‍പ്പില്ലാത്ത രുചിമേളം വായില്‍ കപ്പലോട്ടും. ചില തമാശ നിറഞ്ഞ വൈകുന്നേരങ്ങളില്‍ ചായയ്ക്കൊപ്പം ഒരു പ്ലേറ്റില്‍ സ്നേഹപ്പൊതിയും കാണാം. കാച്ചിക്കുറുക്കിയ കവിത പോലെ ആയുര്‍വേദ പച്ചിലച്ചാര്‍ത്തുകളുടെ കാച്ചെണ്ണ ചേര്‍ക്കുന്ന ഗന്ധവും അടുക്കളയാകെ നിറയും.
പാതി മനസ്സോടെ യാത്ര തിരിക്കവേ മുത്തശ്ശിയുടെ കണ്ണുകളില്‍ ഞങ്ങളെ യാത്രയ്ക്കുന്നതിന്റെ കുഞ്ഞു വിഷമം തെളിഞ്ഞു കാണാം. പുതിയ അധ്യയന വര്‍ഷത്തിനായുള്ള കാത്തിരിപ്പിനേക്കാള്‍ വേനലവധിയുടെ സുഖമുള്ള ഓര്‍മ്മകളാവും തിരിച്ചു പോകുമ്പോള്‍ ഉള്ളില്‍ നിറയുക. അവധിക്കാലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുക ക്യാമറയിലായിരുന്നില്ല, ഹൃദയത്തിലായിരുന്നു.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]