
ദില്ലി: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. ഇക്കാര്യത്തിൽ തീരുമാനം മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്നെടുക്കുമെന്നാണ് നേതൃത്വം ഇപ്പോൾ വ്യക്തമാക്കുന്നത്. ഇന്നലെ ദില്ലിയിലെത്തിയ സുധാകരനുമായി നേതാക്കൾ 45 മിനിറ്റോളം ചർച്ച നടത്തിയെങ്കിലും നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിഗണനയ്ക്ക് വന്നില്ല. നേതാക്കൾ സുധാകരനെ കണ്ടത് പാർട്ടിയിൽ നിന്ന് പരാതികൾ വന്ന കൂടി സാഹചര്യത്തിലെന്നാണ് ഇപ്പോൾ നേതൃത്വം പറയുന്നത്. സംസ്ഥാനത്ത് പാർട്ടിയുടെ നില പരുങ്ങലിലെന്ന് പലരും രാഹുൽ ഗാന്ധിയെ പരാതി അറിയിച്ചിരുന്നു. ഇന്നലത്തെ കൂടിക്കാഴ്ചയിൽ സംതൃപ്തനെന്ന് കെ സുധാകരൻ അടുത്ത അനുയായികളോട് പറഞ്ഞു.
രാജ്യത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന കോൺഗ്രസ് നേതൃത്വം കേരളത്തിൽ ഭരണം പിടിക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് നേതൃത്വത്തിൽ പുതിയൊരു നിരയെ എത്തിക്കാനായിരുന്നു ആലോചന. പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി, അല്ലെങ്കിൽ സണ്ണി ജോസഫ് എന്നിവരെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് എത്തിക്കാനായിരുന്നു ആലോചന നടന്നത്. എന്നാൽ ഇന്നലെ നടന്ന ചർച്ചയിൽ വിഷയം ചർച്ചയ്ക്ക് വരാതിരുന്നതോടെ നീക്കം തുടക്കത്തിലേ പാളിയോ എന്ന ചോദ്യമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]