
തിരുവനന്തപുരം : നിലമ്പൂർ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ വി ആർ വിനോദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം വന്നാൽ ഇലക്ഷൻ നടത്തുന്നതിന് ജില്ലയിലെ സംവിധാനങ്ങൾ സജ്ജമാണ്. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നും തുടർന്നും പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകുമെന്നും കളക്ടർ അറിയിച്ചു.
കഴിഞ്ഞ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ച ശേഷം ഇന്ന് (വെള്ളി) വരെയായി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി 20,803 അപേക്ഷകളാണ് ലഭിച്ചത്. 08.04.2025 ന് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ 15296 ഉം തുടർന്ന് 5507 ഉം അപേക്ഷകളാണ് ലഭിച്ചത്. 2024 ഏപ്രിൽ 21 മുതൽ 2025 ഏപ്രിൽ 24 കാലയളവിലായിരുന്നു കഴിഞ്ഞ സ്പെഷൽ സമ്മറി റിവിഷൻ.
കഴിഞ്ഞ ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയുടെ അംഗീകൃത എൻജിനീയർമാരുടെ നേതൃത്വത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ, വിവിപാറ്റ് മെഷീനുകൾ എന്നിവയുടെ പ്രഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. 408 ബാലറ്റ്യൂണിറ്റുകളുടെയും 408 കൺട്രോൾ യൂണിറ്റുകളുടെയും 408 വിവിപാറ്റ് യൂണിറ്റുകളുടെയും പരിശോധന പൂർത്തീകരിച്ചു.
ഫെബ്രുവരി 13, 14, 17 തീയതികളിൽ ഇ ആർ ഒ, എ ഇ ആർ ഒ, സെക്ടറൽ ഓഫീസർ, സെക്ടറൽ പോലീസ് എന്നിവർക്ക് വേണ്ടി പ്രത്യേക പരിശീലനവും നൽകി. ഫെബ്രുവരി 18, ഏപ്രിൽ 15 തീയതികളിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് ബിഎൽഒമാർക്കും പരിശീലനം സംഘടിപ്പിച്ചു.
ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ ഏഴ് മുതൽ ഒമ്പത് വരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ സന്ദർശനം നടത്തിയിരുന്നു. പോളിങ് ബൂത്തുകളടക്കം സന്ദർശിച്ച ഇദ്ദേഹം ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തുകയും ചെയ്തു.
1100 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ നിലമ്പൂർ മണ്ഡലത്തിൽ 59 പോളിങ് ബൂത്തുകളാണ് പുതിയതായി വന്നത്. മണ്ഡലത്തിൽ ആകെ 263 ബൂത്തുകളാണ് നിലവിലുള്ളത്. ബൂത്തുകളുടെ എണ്ണം കൂടിയതിനാൽ അധികമായി വരുന്ന ഇവിഎം, വിവിപാറ്റ് മെഷീനുകൾ എന്നിവയുടെ പ്രാഥമിക പരിശോധന ഉടൻ പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]