
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പൻ ജയം. 225 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച സൺറൈസേഴ്സിന് 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാനെ സാധിച്ചുള്ളൂ. ഗുജറാത്തിന് 38 റൺസ് വിജയം. 41 പന്തിൽ 74 റൺസ് നേടിയ അഭിഷേക് ശര്‍മ്മ മാത്രമാണ് പോരാട്ട വീര്യം പുറത്തെടുത്തത്.
ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും ചേര്‍ന്ന് സൺറൈസേഴ്സിന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ ട്രാവിസ് ഹെഡിന്റെ (20) വിക്കറ്റ് സൺറൈസേഴ്സിന് നഷ്ടമായി. കൂറ്റൻ വിജയലക്ഷ്യം മുമ്പിലുണ്ടായിട്ടും പിന്നാലെ വന്ന ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും പിടിച്ചുനിൽക്കാനായില്ല. ഇഷാൻ കിഷൻ (13), ഹെൻറിച്ച് ക്ലാസൻ (23), അനികേത് വര്‍മ്മ (3), കാമിൻഡു മെൻഡിസ് (0) എന്നിവര്‍ നിരാശപ്പെടുത്തി.
ഒരറ്റത്ത് വിക്കറ്റുകൾ നിലംപൊത്തുമ്പോഴും അഭിഷേക് ശര്‍മ്മ ഒറ്റയാൾ പോരാട്ടമാണ് കാഴ്ച വെച്ചത്. 15-ാം ഓവറിൽ അഭിഷേക് പുറത്തായതോടെ സൺറൈസേഴ്സ് പരാജയം മുന്നിൽ കണ്ടിരുന്നു. 41 പന്തുകൾ നേരിട്ട അഭിഷേക് 4 ബൗണ്ടറികളും 6 സിക്സറുകളും സഹിതം 74 റൺസ് നേടിയാണ് മടങ്ങിയത്. നിതീഷ് റെഡ്ഡി 10 പന്തിൽ 21 റൺസുമായും പാറ്റ് കമ്മിൻസ് 10 പന്തിൽ 19 റൺസുമായും പുറത്താകാതെ നിന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]