
ദില്ലി: അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വ്യവസ്ഥാപിത ആക്രമണമാണ് മോദി ഭരണത്തില്‍ രാജ്യത്ത് നടക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പരമ്പരാഗത മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും, സിനിമകളിലും അത് കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. എമ്പുരാന് എന്ന ചിത്രത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണം ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്നും റീസെന്‍സറിങ് രാജ്യത്തിനേറ്റ അപമാനമാണെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അപ്രിയ സത്യങ്ങള്‍ വിളിച്ച് പറഞ്ഞതിന്റെ പേരില്‍ എമ്പുരാന് സിനിമയ്ക്കെതിരായ സംഘപരിവാര്‍ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റത്തെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുക ആയിരുന്നു വേണുഗോപാല്‍. ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമയില്‍ നിന്നും വീണ്ടും 24 ഭാഗങ്ങളാണ് വീണ്ടും നീക്കം ചെയ്തത്. ഇത് സംഘപരിവാറിന്റെ സംഘടിത ഭീഷണിയുടെ ഭാഗമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മാധ്യമ മേഖലയിലും ഇതേ അസഹിഷ്ണുത പ്രകടമാണ്. യൂട്യൂബേഴ്സ് പോലും ഇന്ന് ആക്രമിക്കപ്പെടുന്നു. ബിജെപിക്കെതിരെ ആര് സംസാരിച്ചാലും അവരെ ഭയപ്പെടുത്തുന്നു. വ്യവസ്ഥാപിതമായി വിവരാവകാശ നിയമം പോലും ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നു. സാധാരണക്കാരന് സര്‍ക്കാരിനെ നിയന്ത്രിക്കാനുള്ള ഏറ്റവും മികച്ച ആയുധങ്ങളിലൊന്നായ വിവരാവകാശ നിയമത്തോട് ഈ സമീപനമാണെങ്കില്‍ എങ്ങനെയാണ് രാജ്യത്ത് ജനാധിപത്യം നിലനിൽക്കുക എന്ന് അദ്ദേഹം ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]