
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ കുറ്റപത്രവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്തയോട് പ്രതികരിച്ച് സിപിഎം നേതാക്കൾ. മധുരയിൽ പാർട്ടി കോൺഗ്രസിൻ്റെ ആദ്യ ദിവസത്തെ കാര്യപരിപാടികൾ അവസാനിച്ച ശേഷം പുറത്തിറങ്ങിയ പിബി അംഗങ്ങളായ എംഎ ബേബി, എംവി ഗോവിന്ദൻ, എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗമായ എകെ ബാലൻ എന്നിവരാണ് പ്രതികരിച്ചത്.
ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ പരിച്ഛേദമാണ് കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയുമെന്ന് എംഎ ബേബി പറഞ്ഞു. സിപിഎമ്മിന് യാതൊരു പരിഭ്രവുമില്ല. പിണറായി സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ്. ഈ കടന്നാക്രമണത്തെ പാർട്ടി ജനങ്ങളെ അണിനിരത്തി നേരിടും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് കോൺഗ്രസിന്റെ അപക്വമായ നടപടിയാണെന്നും ബേബി പറഞ്ഞു.
കേസിൽ പാർട്ടിക്ക് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ എംവി ഗോവിന്ദൻ, പാർടിക്ക് എതിരായി മാറ്റുമ്പോൾ രാഷ്ട്രീയമായി നേരിടുമെന്നും അത് നേരത്തെയെടുത്ത നിലപാടാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ നീക്കങ്ങൾ സിപിഎമ്മിനെ ദുർബലപ്പെടുത്താനാണെന്ന് എ വിജയരാഘവൻ പ്രതികരിച്ചു. കേസ് പാർട്ടിയേയും പിണറായിയും ലക്ഷ്യമിട്ടുള്ള നീക്കമെന്ന് എംഎ ബേബിയും, മാസപ്പടി ഇടപാടിൽ അഴിമതി ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞതാണെന്ന് എകെ ബാലനും പറഞ്ഞു.
സിഎംആർഎല്ലിന് എവിടെയെങ്കിലും പരാതിയുണ്ടോയെന്നായിരുന്നു എകെ ബാലൻ്റെ മറ്റൊരു ചോദ്യം. സേവനം കിട്ടിയില്ലെന്ന് സിഎംആർഎൽ പരാതിപ്പെട്ടോ? അത് ആരാണ് പറയേണ്ടത്? പരിപൂർണമായി അഴിമതി ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞ കേസിൽ വേറെ തലത്തിൽ ഇടപെടുകയാണ്. അത് കേരളത്തിലെ ജനം തിരിച്ചറിയും. ഹൈക്കോടതി വിധി വരും വരെ കാത്തിരിക്കാമെന്ന് പറഞ്ഞിട്ട് ഇപ്പോൾ സമ്മേളനം നടക്കുമ്പോൾ കുറ്റപത്രം കൊടുക്കുന്നത്തിന്റെ കാരണം വ്യക്തമാണ്. ഉള്ളി തോല് പൊളിച്ചത് പോലെയാകും കേസെന്നും എ കെ ബാലൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]