
ഉരുൾപൊട്ടൽ: ടൗൺഷിപ്പിലേക്ക് സമ്മതപത്രം നൽകാനുള്ളത് 4 പേർ കൂടി; പട്ടിക പ്രകാരം നിർമിക്കേണ്ടത് 293 വീടുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ∙ ചൂരല്മല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിർമിക്കുന്ന ടൗൺഷിപ്പിലേക്കു സമ്മതപത്രം കൈമാറാനുള്ളത് ഇനി നാലു പേർ മാത്രം. രണ്ടാംഘട്ട 2-എ, 2- ബി പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കു സമ്മതപത്രം നൽകുന്നതിനുള്ള അവസാന ദിവസമായ ഇന്ന് 20 പേരാണ് സമ്മതപത്രം കൈമാറിയത്.
ഒന്നാംഘട്ട ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ട 242 പേർ സമ്മതപത്രം നൽകിയിരുന്നു. രണ്ടാംഘട്ട 2 –എയിൽ ഉൾപ്പെട്ട 87 ആളുകൾ സമ്മതപത്രം കൈമാറി. 2- ബി യിൽ ഉൾപ്പെട്ട 69 ആളുകളാണ് സമ്മതപത്രം കൈമാറിയത്. ഗുണഭോക്താക്കളുടെ പട്ടികയിൽ ആകെ 402 പേരാണുൾപ്പെട്ടത്. ഇതിൽ ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിയത് 289 ആളുകളാണ്. സാമ്പത്തിക സഹായത്തിനായി 109 പേരും സമ്മതപത്രം കൈമാറി. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകൾ നിർമിക്കാനാണ് ഊരാളുങ്കലിന് സർക്കാർ നിർദേശം നൽകിയത്. നാല് പേർ കൂടി സമ്മത പത്രം നൽകിയാലും 293 വീടുകളേ നിർമിക്കേണ്ടി വരൂ.
അതേസമയം, എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ നിർമാണം തുടങ്ങാനായില്ല. ഇന്ന് കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും ഉണ്ടായില്ല. ഹൈക്കോടതിയുടെ ഉത്തരവ് വന്ന ശേഷമേ നിർമാണം തുടങ്ങാനാകൂ എന്ന് ഊരാളുങ്കൽ വ്യക്തമാക്കി. എല്ലാ വീടുകളും ഒരുമിച്ച് നിർമാണം നടത്താനാണ് നീക്കം. നാളെ മുതൽ സമ്മത പത്രങ്ങളുടെ പരിശോധന ആരംഭിക്കും. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും. അതിന് ശേഷമായിരിക്കും എത്ര വീടുകൾ നിർമിക്കണമെന്നതുൾപ്പെടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനമാകൂ.