
മാസപ്പടി കേസിൽ വീണാ വിജയൻ മുഖ്യപ്രതി; ‘ടിപി 51 വെട്ട്’ റീ റിലീസിനു ധൈര്യമുണ്ടോ? സുരേഷ് ഗോപി – പ്രധാനവാർത്തകൾ വായിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. എമ്പുരാനെ കുറിച്ച് പരാമർശിച്ച ജോൺ ബ്രിട്ടാസിന് ‘ടിപി 51 വെട്ട്’, ‘ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നീ സിനിമകൾ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോയെന്ന് രാജ്യസഭയിൽ സുരേഷ് ഗോപി ചോദിച്ചതാണ് മറ്റൊരു പ്രധാന വാർത്ത. മൂന്നാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ച് ആശമാർ, ജനങ്ങൾ ക്ഷേത്രത്തിൽ വരുന്നത് വിപ്ലവ ഗാനം കേൾക്കാനല്ലെന്ന ഹൈക്കോടതി വിമർശനം, ഇന്ത്യയ്ക്ക് 26 ശതമാനം പകരം തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് എന്നിവയായിരുന്നു മറ്റു പ്രധാന വാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയത്. ഇതോടെ വീണ കേസിൽ പ്രതിയാകും. സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം.
ബിജെപി എമ്പുരാനിലെ ‘മുന്ന’യാണെന്ന് ബ്രിട്ടാസ് പറഞ്ഞതോടെയാണ് സുരേഷ് ഗോപി പ്രസംഗിക്കാൻ എഴുന്നേറ്റത്. ബ്രിട്ടാസിനെ ചില പാഠങ്ങൾ പഠിപ്പിക്കേണ്ടതുണ്ടതെന്നും എമ്പുരാനെ കുറിച്ച് പരാമർശിച്ച ബ്രിട്ടാസിന് ‘ടിപി 51 വെട്ട്’, ‘ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നീ സിനിമകൾ റിറിലീസ് ചെയ്യാൻ ധൈര്യമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.
ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കമ്മിഷനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നു സമരസമിതി വ്യക്തമാക്കി. തല്ക്കാലം മൂവായിരം രൂപ വര്‍ധിപ്പിക്കുക, എന്നിട്ട് കമ്മിഷനെ വയ്ക്കാനുള്ള തീരുമാനം നടപ്പാക്കുക എന്ന ആവശ്യം മുന്നോട്ടുവച്ചിട്ടും മന്ത്രിയും മറ്റ് ട്രേഡ് യൂണിയനുകളും അംഗീകരിച്ചില്ലെന്നു സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു. ചര്‍ച്ചയുടെ വിവരങ്ങള്‍ അറിഞ്ഞതിനു പിന്നാലെ സമരപ്പന്തലില്‍ പ്രതിഷേധം ശക്തമായി.
. ജനങ്ങൾ ക്ഷേത്രത്തിൽ വരുന്നത് വിപ്ലവഗാനം കേൾക്കാനല്ലെന്നും ഉത്സവം കാണാനാണെന്നും കോടതി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണൻ എന്നിവരുടെ ബെഞ്ച് ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് പകരം തീരുവ പ്രഖ്യാപിച്ചത്. വിദേശ നിർമിത ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം പകരം തീരുവയാണു പ്രഖ്യാപിച്ചിരിക്കുന്നത്.