
ദോഹ: ടേബ്ൾ ടെന്നിസിൽ ലോകത്തെ പ്രമുഖ താരങ്ങൾ മാറ്റുരക്കുന്ന ലോക ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾക്ക് വീണ്ടും ഖത്തർ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. മേയ് 17 മുതൽ 25 വരെ ദോഹ വേദിയൊരുക്കുന്ന ടേബ്ൾ ടെന്നിസ് ലോക ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചതായി ഖത്തർ ടേബിൾ ടെന്നീസ് ഫെഡറേഷൻ അറിയിച്ചു. രണ്ട് പതിറ്റാണ്ടിനു ശേഷം ഖത്തറിലേക്ക് തിരികെയെത്തുന്ന ടി.ടി ചാമ്പ്യൻഷിപ് ഫൈനൽസിന് ലുസൈൽ ഹാളും ഖത്തർ യൂനിവേഴ്സിറ്റി ഹാളുമാണ് വേദിയാകുന്നത്. പുരുഷ, വനിത സിംഗ്ൾസ്, ഡബ്ൾസ് എന്നിവക്കൊപ്പം മിക്സഡ് ഡബ്ൾസിലും മത്സരങ്ങൾ അരങ്ങേറും.
2004ലാണ് ആദ്യമായി ടേബ്ൾ ടെന്നിസ് ലോക ചാമ്പ്യൻഷിപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചത്. ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന ആദ്യത്തെ മിഡിൽ ഈസ്റ്റേൺ രാജ്യമായി ഖത്തർ മാറുകയും ചെയ്തു. ക്യൂ ടിക്കറ്റ്സ് വഴി ആരാധകർക്ക് ടൂർണമെന്റ് ടിക്കറ്റുകൾ സ്വന്തമാക്കാമെന്ന് ഖത്തർ ടേബ്ൾ ടെന്നിസ് ഫെഡറേഷൻ അറിയിച്ചു. ടൂർണമെന്റിനുള്ള തയാറെടുപ്പുകൾ 90 ശതമാനവും പൂർത്തിയാക്കിയതായും ലോകോത്തര കായിക മേളകൾക്ക് വിജയകരമായി ആതിഥ്യം വഹിച്ച ഖത്തർ അതേ നിലവാരത്തിൽ തന്നെയാണ് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ്പിനും വേദിയൊരുക്കുന്നതെന്നും ഖത്തർ ഫെഡറേഷൻ ബോർഡ് ഡയറക്ടറും നാഷനൽ ടീം കമ്മിറ്റി ചെയർമാനുമായ ഥാനി അൽ സാറ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]