
കേരള എക്സൈസ് ചരിത്രത്തിലെ വലിയ കഞ്ചാവ് വേട്ട; 757 കിലോഗ്രാം ! പ്രതികൾക്ക് 15 വർഷം വീതം തടവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ട കേസിലെ മൂന്നു പ്രതികൾക്ക് 15 വർഷം വീതം കഠിനതടവും 1.50 ലക്ഷം രൂപവീതം പിഴയും ശിക്ഷ. പാലക്കാട് അഡീഷനൽ ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വാളയാർ അതിർത്തി കേന്ദ്രീകരിച്ചുള്ള എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ ലോറിയിൽ കടത്തിയ 757.45 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്കാണ് ശിക്ഷ ലഭിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം വീതം അധികതടവ് അനുഭവിക്കണം.
പ്രതികളായ ലോറി ഡ്രൈവർ മലപ്പുറം പെരിന്തൽമണ്ണ എടപ്പറ്റ സ്വദേശികളായ മേലാറ്റൂർ എപ്പിക്കാട് തയ്യിൽ എൻ.ബാദുഷ (30), അമ്പായപറമ്പിൽ വാക്കയിൽ എച്ച്.മുഹമ്മദ് ഫായിസ് (25), ഇടുക്കി ഉടുമ്പഞ്ചോല കട്ടപ്പന നരിയമ്പാറ വരകമലയിൽ ജിഷ്ണു ബിജു (28) എന്നിവരെയാണ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.പി.തങ്കച്ചൻ ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും. 2021 ഏപ്രിൽ 22നായിരുന്നു കേസിനാസ്പദമായ സംഭവം. രാജ്യത്തുതന്നെ കരമാർഗം പിടിക്കപ്പെട്ട രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കേസാണ് ഇതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വൈ.ഷിബു പറഞ്ഞു.
ഏഴര കോടിയിലേറെ രൂപ വിലമതിക്കുന്ന കഞ്ചാവാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോടിക് സ്പെഷൽ സ്ക്വാഡ് സിഐ പി.കെ.സതീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പരിശോധനയ്ക്കിടെ നിർത്താതെ കടന്നു പോയ ലോറി പിന്തുടർന്നു പിടികൂടുകയായിരുന്നു. ലോറിക്കുള്ളിൽ പ്രത്യേക രഹസ്യ അറിയിൽ 328 ചാക്കുകളിലായാണ് 757.45 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചത്.