
മസ്കറ്റ്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ റോസാപ്പൂ വിളവെടുപ്പിന് തുടക്കമായതായി പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. കണ്ണെത്താ ദൂരത്തോളം പൂത്തലഞ്ഞു നിൽക്കുന്ന റോസാപ്പൂക്കൾ കണ്ണിന് കുളിർമയെകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ സുന്ദര ദൃശ്യം കാണാനും വിളവെടുപ്പ് സീസൺ അടുത്തറിയാനുമായി നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്.
ജബൽ അഖ്ദറിൽ മാർച്ച് മുതലാണ് റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. ഇത് മെയ് മാസം വരെ തുടരും. ഏകദേശം 7 മുതൽ 10 ഏക്കർ വിസ്തൃതിയിലാണ് ഇവിടെ റോസാപ്പൂക്കൾ കൃഷി ചെയ്യുന്നത്. 5000ൽ പരം പനിനീർ ചെടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇവിടങ്ങളിൽ നിന്നും വിളവെടുക്കുന്ന റോസാപ്പൂക്കൾ ഭക്ഷണം, പാനീയങ്ങൾ എന്നിവയിലെ പ്രധാന ഘടകമാണ്. പരമ്പരാഗതമായ ഒമാനി കോഫി ഉണ്ടാക്കുന്നതിലും റോസാപ്പൂക്കൾ ഉപയോഗിക്കാറുണ്ട്. ക്രീമുകൾ, സോപ്പ് തുടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണത്തിനായും ഈ പൂക്കൾ ഉപയോഗിച്ചു വരുന്നു. റോസാപ്പൂക്കളുടെ അവശിഷ്ടങ്ങൾ രാസവള നിർമാണത്തിനും ഉപയോഗിക്കാറുണ്ട്.
രാവിലെയും വൈകുന്നേരവുമാണ് ഇവിടെ പൂക്കൾ ശേഖരിക്കുന്നത്. പൂക്കളുടെ തനിമയും ഗുണമേന്മയും നിലനിർത്താനാണ് വിളവെടുപ്പിന് ഈ സമയം തിരഞ്ഞെടുക്കുന്നത്. പുലർച്ചെ സൂര്യോദയത്തിന് മുൻപും വൈകുന്നേരം നാലര മുതൽ ആറു വരെയുമാണ് പൂക്കൾ ശേഖരിക്കുന്നത്. ജബൽ അഖ്ദറിലെ കർഷകർ പരമ്പരാഗതമായി റോസാപ്പൂ കൃഷി നടത്തിവരുന്നവരാണ്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇവിടുത്തെ കഴിഞ്ഞ വർഷത്തെ റോസാപ്പൂക്കളുടെ ഉൽപ്പാദനം 20 ടൺ ആയിരുന്നു. മുൻ വർഷങ്ങളിൽ നിന്നുമുള്ള ഗണ്യമായ വർധനവ് പ്രകടമായിരുന്നു. ഇവിടെ നിന്നും നിർമിക്കപ്പെടുന്ന റോസ് വാട്ടറിന് അന്താരാഷ്ട്ര വിപണിയിലടക്കം വൻ ആവശ്യക്കാരാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net