
മലയാളികൾക്ക് ആദ്യഘട്ടത്തിൽ അത്രകണ്ട് സുപരിചിതരല്ലാത്ത ചില നടന്മാരുണ്ട്. എന്നാൽ അവരുടെ സിനിമയുടെ മലയാളം പതിപ്പിലൂടെ അവർ പ്രിയപ്പെട്ടവരായി മാറുകയും ചെയ്യും. അതിന് ഉദാഹരണങ്ങൾ നിരവധിയുമാണ്. അത്തരത്തിൽ തെലുങ്ക് മണ്ണിൽ നിന്നും എത്തി കേരളത്തിന്റെ മല്ലു അർജുനായി മാറിയ സൂപ്പർ താരമാണ് അല്ലു അർജുൻ. 2004ൽ റിലീസ് ചെയ്ത ആര്യ എന്ന ചിത്രമായിരുന്നു മലയാളികളിലേക്ക് അല്ലു അർജുനെ എത്തിച്ചത്. ഇന്ന് പാൻ ഇന്ത്യൻ താരവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി നിൽക്കുന്ന നടന്റെ ഒരു സിനിമ റി റിലീസിന് എത്തുകയാണ്.
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അല്ലു അർജുൻ ചിത്രം ആര്യയുടെ രണ്ടാം ഭാഗമാണ് റി റിലീസ് ചെയ്യുന്നത്. ചിത്രം ഏപ്രിൽ ആറിന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ ഈ വർഷം റി റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാകും ആര്യ 2. 2009ൽ ആയിരുന്നു സുകുമാർ സംവിധാനം ചെയ്ത ആര്യ 2 റിലീസ് ചെയ്തത്.
2004ൽ നാല് കോടി രൂപ മുതൽ മുടക്കിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ആര്യ. വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം 30 കോടി ആഗോള തലത്തിൽ നേടി. 21 കോടി മുടക്കിയായിരുന്നു ആര്യ 2 നിർമിച്ചത്. എന്നാൽ ആദ്യഭാഗത്തിന്റെ സ്വാകാര്യത ലഭിച്ചില്ലെന്ന് മാത്രമല്ല ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു. 20 കോടി മാത്രമാണ് ആര്യ 2ന് നേടാനായത്. പതിനാറ് വർഷങ്ങൾക്ക് ശേഷം ആര്യ രണ്ടാം ഭാഗം തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ അത് സ്വീകരിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. 1800 കോടി കളക്ഷന്‍ നേടിയ പുഷ്പ 2 ആണ് അല്ലു അര്‍ജുന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]