
കർണാടകയിൽ നേതൃമാറ്റം?; സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഡൽഹിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു ∙ കർണാടക ഭവൻ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഡൽഹിയിലെത്തിയതിനെ തുടർന്ന്, നേതൃമാറ്റവിഷയം എഐസിസി ചർച്ച ചെയ്തേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. 2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്നു രണ്ടരവർഷത്തിനു ശേഷം അധികാരം കൈമാറാമെന്ന ധാരണയിലാണു സിദ്ധരാമയ്യയ്ക്ക് അവസരം നൽകിയത്.
ഡിസംബറിൽ ആ കാലാവധി പൂർത്തിയാകാനിരിക്കെയാണു ചർച്ചകൾക്കു വീണ്ടും ചൂടുപിടിക്കുന്നത്. പിസിസി അധ്യക്ഷ സ്ഥാനത്തു ശിവകുമാർ തുടരുന്നതിൽ പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾക്കു തൃപ്തിയില്ലെന്ന സൂചനകളുമുണ്ട്. ഇക്കാര്യവും ചർച്ചയിൽ ഇടംപിടിച്ചേക്കും. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ചില മന്ത്രിമാരെ നീക്കി പുതിയമുഖങ്ങൾക്ക് അവസരം നൽകുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.
34 മന്ത്രിമാരെ ഉൾക്കൊള്ളാനാകുന്ന മന്ത്രിസഭയിൽ നിലവിൽ ഒരു ഒഴിവാണുള്ളത്. കഴിഞ്ഞ ജൂണിൽ മന്ത്രി ബി.നാഗേന്ദ്ര രാജിവച്ച ഒഴിവാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം, മന്ത്രിസ്ഥാന മോഹവുമായി ചില മുതിർന്ന എംഎൽഎമാർ കരുനീക്കങ്ങൾ നടത്തുന്നുണ്ട്. മന്ത്രിയാകണമെന്ന ആഗ്രഹം പലരും പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.
അതേസമയം, മന്ത്രിസഭാ പുനഃസംഘടനാ വിഷയം മുഖ്യമന്ത്രി സിദ്ധരാമയ്യ നേതൃത്വത്തിനു മുന്നിൽ ചർച്ചയ്ക്കുവയ്ക്കുമെന്ന അഭ്യൂഹം ശിവകുമാർ തള്ളി. ഒഴിഞ്ഞുകിടക്കുന്ന 4 എംഎൽസി സീറ്റുകളിലേക്കു കോൺഗ്രസ് അംഗങ്ങളെ നാമനിർദേശം ചെയ്യുന്ന വിഷയം മാത്രമാകും ചർച്ച ചെയ്യുകയെന്നാണ് അദ്ദേഹം പറഞ്ഞത്.