
ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞു, നിർബന്ധിപ്പിച്ച് വൈദ്യപരിശോധന; മൂന്നുപേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയ്ക്കൽ ∙ ഡ്രൈവർ മദ്യപിച്ചെന്നാരോപിച്ചു ബസ് തടയുകയും ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തതിന് ഇരട്ട സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കൽ നിറപറമ്പ് സ്വദേശികളായ സിയാദ് (19), സിനാൻ (19), ഹുഹാദ് സെനിൻ (22) എന്നിവരെയാണ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ചങ്കുവെട്ടിയിലാണു സംഭവം. പൊൻകുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ബസിനു കുറുകെ ഇവർ കാർ നിർത്തി. ഡ്രൈവറുടെ കണ്ണുകൾ ചുവന്നു കലങ്ങിയതിനാൽ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു യുവാക്കളുടെ വാദം. സ്ഥലത്തെത്തിയ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമ്മതിക്കാതെ, ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.
പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞതോടെയാണു കെഎസ്ആർടിസി ബസ് തടഞ്ഞതിനും ഡ്രൈവറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു മൂവരെയും അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു യുവാക്കൾ സദാചാര പൊലീസ് ചമഞ്ഞതെന്നു പറയുന്നു. സമാനസംഭവം കഴിഞ്ഞമാസം കോഴിക്കോട് നടന്നിരുന്നു.