
തിരുവനന്തപുരം: വേനല്‍ചൂട് കനത്ത സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം, പുറംവേദന, കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കുമെന്ന് എംവിഡി അറിയിച്ചു. ദാഹവും ശാരീരിക പ്രശ്നങ്ങളും മാത്രമല്ല, ഹൈവേകളില്‍ റോഡ് മരീചിക പോലെയുള്ള താല്‍ക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് ദുഷ്കരമാക്കും. വേനല്‍ ചൂടില്‍ ഉച്ച കഴിഞ്ഞുള്ള ഡ്രൈവിംഗില്‍ ഉറക്കത്തിനുള്ള സാധ്യത കൂടുതലാണ്. രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കമെന്നും എംവിഡി വ്യക്തമാക്കി.
എംവിഡി കുറിപ്പ്: വേനല്‍ക്കാല ഡ്രൈവിംഗ് ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍. വേനല്‍ചൂട് അതിന്റെ പാരമ്യത്തിലേക്ക് എത്തുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും വളരെയധികം ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം (Dehydration ), മാനസിക പിരിമുറുക്കം, പുറം വേദന (Backpain), കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീര്‍ഘദൂര യാത്രകളില്‍ ഇത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും. ദാഹവും ശാരീരിക പ്രശ്നങ്ങളും മാത്രമല്ല ഹൈവേകളില്‍ റോഡ് മരീചിക (Road Mirage ) പോലെയുള്ള താല്‍ക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് ദുഷ്കരമാക്കും. വേനല്‍ ചൂടില്‍ ഉച്ചകഴിഞ്ഞുള്ള ഡ്രൈവിംഗില്‍ ഉറക്കത്തിനുള്ള സാദ്ധ്യത കൂടുതലാണ്. രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കം, റോഡില്‍ കൂടുതല്‍ വാഹനങ്ങളും ആളുകളും ഉണ്ടാകും എന്നത് തന്നെ കാരണം.
വാഹനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടവ:
• റബ്ബര്‍ ഭാഗങ്ങളും ടയറും വൈപ്പര്‍ ബ്ലേഡുകളും ഫാന്‍ ബെല്‍റ്റും കൃത്യമായ പരിശോധിക്കുകയും ആവശ്യമെങ്കില്‍ മാറ്റിയിടുകയും ചെയ്യുക.
• ടയര്‍ എയര്‍ പ്രഷര്‍ സ്വല്പം കുറച്ചിടുക
• റേഡിയേറ്റര്‍ കൂളന്റിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക.
• കഴിയുന്നതും വാഹനങ്ങള്‍ തണലത്ത് പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ നേരിട്ട് വെയില് ഡാഷ്ബോര്‍ഡില്‍ കൊള്ളാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യുക. പാര്‍ക്ക് ചെയ്യുമ്പോള്‍ ഡാഷ് ബോര്‍ഡ് സണ്‍ പ്രൊട്ടക്ഷന്‍ ഷീല്‍ഡ് ഘടിപ്പിക്കുന്നത് നല്ലതാണ്.
• പാര്‍ക്ക് ചെയ്യുമ്പോള്‍ ഡോര്‍ ഗ്ലാസ് അല്‍പ്പം താഴ്ത്തി ഇടുകയും വൈപ്പര്‍ ബ്ലേഡ് ഉയര്‍ത്തി വക്കുകയും ചെയ്യുക.
• ഉണങ്ങിയ ഇലകളോ മറ്റ് തീപിടുത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക.
• വെയിലത്ത് നിര്‍ത്തിയിട്ടുള്ള വാഹനങ്ങളില്‍ ഉണ്ടാകാവുന്ന ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങള്‍ പുറന്തള്ളുന്നതിനായി യാത്ര ആരംഭിക്കുന്ന സമയത്ത് ഗ്ലാസ് താഴ്ത്തിയിടുകയും കാലുകളിലേക്ക് വായു സഞ്ചാരം വരുന്ന രീതിയില്‍ ഫാന്‍ ക്രമീകരിക്കുകയും സ്വല്പദൂരം വാഹനം ഓടിയതിനു ശേഷം മാത്രം എസി ഓണ്‍ ചെയ്യുകയും ഗ്ലാസ് കയറ്റിയിടുകയും ചെയ്യുക.
• പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലും വെള്ളം വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക. ഡാഷ്ബോര്‍ഡില്‍ വെയില് നേരിട്ട് കൊള്ളുന്ന രീതിയില്‍ ഇങ്ങിനെ സൂക്ഷിക്കുന്നത് പ്രിസം എഫക്ട് മൂലം തീപിടുത്തത്തിന് ഉള്ള സാധ്യതയും ഉണ്ടായേക്കാം.
• ബോട്ടിലുകളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക.
• തീപിടിത്തത്തിന് സാദ്ധ്യതയുള്ള സാധനങ്ങള്‍, സ്പ്രേകള്‍, സാനിറ്റൈസര്‍ എന്നിവ വാഹനത്തില്‍ സൂക്ഷിക്കരുത്.
യാത്രകളില്‍ ശ്രദ്ധിക്കേണ്ടത്:
• ദീര്‍ഘ ദൂര യാത്രകളില്‍ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടാന്‍ യാത്രയില്‍ ഇടക്കിടെ ഇടവേളകള്‍ എടുക്കുകയും ധാരാളം , ജലാംശം നിലനിര്‍ത്താന്‍ ദാഹമില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കുകയും ചെയ്യുക.
• ജലാംശം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ യാത്രയില്‍ കരുതുന്നത് നല്ലതാണ്.
• എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക.
• കൂടുതല്‍ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് കഴിയുന്നതും ഒഴിവാക്കുക.
• ചായയും മറ്റ് സോഫ്റ്റ് ഡ്രിക്സുകളും കഴിയുന്നതും ഒഴിവാക്കുകയും പകരം കരിക്കിന് വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക.
• അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
• നല്ല വെയിലത്ത് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന സമയത്ത് ചൂട് കാറ്റ് മൂലം, നാം പോലും അറിയാതെ ഡീഹൈഡ്രേഷന് നടക്കുവാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിട്ട് വെയില് ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കയ്യുറയും ധരിക്കുക.
• ഇരിപ്പിടം ശരിയാം വണ്ണം ക്രമീകരിക്കുകയും കാര്‍ സ്റ്റീരിയോ കുറഞ്ഞ ശബ്ദത്തില്‍ മാത്രം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.
• കണ്ണിന്റെ ആയാസം കുറയ്ക്കാന്‍, ഇടവേളകള്‍ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം ഇടക്കിടെ കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും ചെയ്യുക.
• വെയില് നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു സണ്‍ഗ്ലാസ് ധരിക്കുക.
• തണല്‍ തേടി നായകളോ മറ്റു ജീവികളോ പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ അടിയില്‍ അഭയം തേടാന്‍ ഇടയുണ്ട് , മുന്നോട്ട് എടുക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും വാഹനത്തിന്റെ അടിഭാഗം ശ്രദ്ധിക്കുക.
Last Updated Apr 2, 2024, 8:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]