
സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന നടിയാണ് ശാലു മേനോന്. ചെറിയ പ്രായത്തിലേ അഭിനയിച്ച് തുടങ്ങിയ താരം നർത്തകി എന്ന രീതിയിലും പ്രശസ്തയാണ്. ഇതിനിടെ, വിവാദങ്ങളിലും താരം അകപ്പെട്ടു. സോളാർ കേസിൽ കുടുങ്ങി ശാലു അറസ്റ്റിലായതൊക്കെ വലിയ വാർത്തയായിരുന്നു. ഈ സംഭവത്തെ തുടർന്ന് ശാലുവിന് അവസരങ്ങളും നഷ്ടമായി. എന്നാൽ നൃത്തത്തിലും സീരിയലുകളിലും സജീവമായി, ഒരു തിരിച്ചുവരവ് നടത്താനും വിവാദങ്ങളെ അതിജീവിക്കാനും താരത്തിന് സാധിച്ചു. അതേക്കുറിച്ച് സംസാരിക്കുകയാണ് ശാലു മേനോൻ.
‘അച്ഛന്റെയൊക്കെ ഒരു പിന്തുണ ഇപ്പോഴും ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അച്ഛനും മുത്തച്ഛനുമൊക്കെ ഇപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. ഇപ്പോൾ എനിക്ക് തന്റേടമൊക്കെ വന്നു. ആ വിൽപവറിലാണ് ജീവിച്ച് പോകുന്നത്, നേരത്തേ വലിയ വിൽപവർ ഉണ്ടായിരുന്നില്ല. സത്യസന്ധമായി ജീവിക്കുന്ന ഒരു കലാകാരിയേയോ കലാകാരനേയോ ഒരിക്കലും തകർക്കാൻ പറ്റില്ല. പിന്നെ സമയദോഷം കൊണ്ടായിരിക്കും ഓരോന്നൊക്കെ അനുഭവിക്കേണ്ടി വന്നത്. അതിനെയൊക്കെ അതിജീവിക്കാൻ പറ്റും’, എന്ന് ശാലു മേനോൻ പറഞ്ഞു. ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
‘ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് നമ്മളോട് സ്നേഹം ഉള്ളവർ. ഈ സംഭവത്തിനു ശേഷം പലരും എന്നെ ഒഴിവാക്കി. 12 വർഷം കഴിഞ്ഞു പ്രശ്നങ്ങൾ കഴിഞ്ഞിട്ട്. പക്ഷെ ഇപ്പോഴും എന്നെ ഒഴിവാക്കി നിർത്തുന്നവർ ധാരാളം ഉണ്ട്. എന്റെ വിദ്യാർത്ഥികൾ ഒക്കെ എനിക്ക് വലിയ പിന്തുണയാണ് തന്നത്. എന്റെ മാതാപിതാക്കൾ ഡാൻസ് കുട്ടികൾ, അമ്മയുടെ സഹോദരൻ ഇങ്ങനെ വളരെ കുറച്ചു പേരാണ് എന്നെ പിന്തുണച്ചത്. ആ സംഭവത്തിനു ശേഷവും നാൽപതോളം വേദികളിൽ ഞാൻ പ്രോഗ്രാം ചെയ്തിട്ടുണ്ട്. അവിടെയൊന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല’, എന്നും ശാലു മേനോൻ കൂട്ടിച്ചേർത്തു.
കാവ്യാ മാധവനുമായി ഇപ്പോഴും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ശാലു പറഞ്ഞു. ‘കാവ്യയുമായാണ് കൂടുതൽ അടുപ്പം. ഞങ്ങൾ വിളിക്കാറുണ്ട്. മെസേജ് അയക്കാറുണ്ട്. എനിക്ക് ഫീൽഡിൽ കണക്ഷൻസ് കുറവാണ്. എന്നാലും കാവ്യയുമായി കുറച്ച് കാലമായി സൗഹൃദമുണ്ട്’, എന്നാണ് ശാലു മേനോൻ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]