തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏകീകൃത സോഫ്റ്റുവെയറായ കെസ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതോടെ കേരളാ ബില്‍ഡിങ്ങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് സെസ്സിലും വര്‍ധനവ്. സെപ്റ്റംബറില്‍ 28.79 കോടി രൂപയും ഒക്ടോബറില്‍ 45.89 കോടി രൂപയും നവംബറില്‍ 49.87 കോടി രൂപയും ഡിസംബറില്‍ 69.24 കോടി രൂപയുമാണ് സെസ് പിരിവിലുണ്ടായ വര്‍ധനവ്. ഇത് ക്രമേണ ഉയര്‍ത്തിക്കൊണ്ടുവന്ന് സെസ് പിരിവ് ശരിയായി നടപ്പാക്കി ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയും പെന്‍ഷനടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കാനുമുള്ള ശ്രമം പുരോഗമിക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മുഖാന്തിരം സെസ് പിരിവ് നടപ്പിലാക്കി 941 പഞ്ചായത്തുകളിലും 87 മുന്‍സിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലുമായി ഏറ്റവും കുറഞ്ഞത് പ്രതിമാസം 100 കോടി രൂപയെങ്കിലും സെസ്സിനത്തില്‍ പിരിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നത്.
1998ലെ സെസ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമായ കേരളാ ബില്‍ഡിങ്ങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അടയ്ക്കുന്ന സെസ് തുക മുഖേനെയാണ് കേരളത്തിലെ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കും മറ്റ് നിര്‍മാണ തൊഴിലാളികള്‍ക്കും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നത്. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് പുറമേ ചികിത്സാ സഹായം, പ്രസവാനന്തര ആനുകൂല്യം, വിവാഹ ധനസഹായം, പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള ധനസഹായം, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്, എസ്.എസ്.എല്‍.സി ക്യാഷ് അസിസ്റ്റന്‍സ്, ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം, സാന്ത്വനം ആനുകൂല്യം തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങളാണ് ബോര്‍ഡിലെ അംഗങ്ങള്‍ക്കായി നല്‍കുന്നത്. ബോര്‍ഡില്‍ 19,05,906 അംഗങ്ങളാണുള്ളത്. 3,82,694 അംഗങ്ങള്‍ പെന്ഷന് ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാണ്. സെസ് പിരിവിലൂടെയാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനവും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതും. സ്വകാര്യ വ്യക്തികള്‍ 10 ലക്ഷം രൂപയില്‍ അധികം ചെലവാക്കി നിര്‍മിക്കുന്ന പാര്‍പ്പിട ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെയും മറ്റ് നിര്‍മാണങ്ങളുടെയും ആകെ ചെലവിന്റെ ഒരു ശതമാനം തുക ബോര്‍ഡിലേക്ക് അടയ്ക്കണമെന്ന വ്യവസ്ഥയില്‍ ലഭ്യമാകുന്ന ഈ തുകയാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. സെസ് പിരിവ് ഒടുക്കുന്നതിന് വിധേയമായി മാത്രമാണ് ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യുക.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ അവരുടെ വര്‍ക്ക് ബില്ലില്‍ നിന്നും കുറവു ചെയ്ത് ബോര്‍ഡിന് സെസ് ഇനത്തില്‍ തുക കൈമാറുകയും സ്വകാര്യ വ്യക്തികള്‍ നടത്തുന്ന കെട്ടിട നിര്‍മാണം സംബന്ധിച്ചുള്ള തുക സെസ് നിര്‍ണയാധികാരി നിര്‍ണയിക്കുന്നതിന് പ്രകാരവും അടയ്ക്കുകയുമാണ് ചെയ്യുന്നത്. പെന്ഷന് ഇനത്തില്‍ 62 കോടി, വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ക്കും ഭരണപരമായ ചിലവുകള്‍ക്കുമായി ചിലവുകള്‍ക്കായി 10 കോടി എന്നിങ്ങനെ ആകെ 72 കോടി രൂപയാണ് ഓരോ മാസത്തിലും ബോര്‍ഡിന് ചിലവാകുന്നത്. എന്നാല്‍ സെസ് പിരിവിലുണ്ടാകുന്ന താമസം കാരണം ആവശ്യമായ ഫണ്ടിന്റെ അപര്യാപ്തതയും ആനുകൂല്യങ്ങളും പെന്‍ഷനും സമയബന്ധിതമായി വിതരണം ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്യുന്നുണ്ട്. തനതുഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ സുഗമമായ പ്രവര്‍ത്തനം നടത്താന്‍ ഫണ്ട് പിരിവില്‍ വര്‍ധന വരുത്താനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളാണ് നിലവില്‍ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള സെസ് പിരിവിന് നേതൃത്വം നല്‍കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]