
തിരുവനന്തപുരം: തുടങ്ങിവയ്ക്കുന്ന പല പദ്ധതികളും ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്താതെ പാതിവഴിയില്‍ നിന്ന് പോകാറുള്ളത് കേരളത്തില്‍ പതിവാണ്. ഇച്ഛാശക്തിയോടെ സര്‍ക്കാരുകള്‍ മുന്നോട്ട് പോയാലും പല കാരണങ്ങള്‍ക്കൊണ്ട് പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങാറുണ്ട്. അത്തരത്തിലൊന്നാണ് പാലക്കാട് ജില്ലയിലെ മലമ്പുഴയിലെ ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കലിന് തയ്യാറാക്കിയ പദ്ധതി. എലപ്പുള്ളിയില്‍ പുതിയതായി ആരംഭിക്കുന്ന മദ്യനിര്‍മാണശാലയ്ക്ക് മലമ്പുഴയില്‍ നിന്ന് ജലം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലക്കാട്ടെ വ്യവസായ പാര്‍ക്കിനും വെള്ളം കണ്ടെത്തേണ്ടതുണ്ട് എന്നതാണ് മറ്റൊരു വെല്ലുവിളി.
വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ ജലം നിലവിലെ സാഹചര്യത്തില്‍ ഡാമുകളില്‍ നിന്ന് മാത്രം കണ്ടെത്താന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഡാമുകളുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊട്ടിഘോഷിച്ച പദ്ധതിയായിരുന്നു മലമ്പുഴ ഡാമിന്റെ സംഭരണശേഷി വര്ദ്ധിപ്പിക്കലെങ്കിലും ഇത് മുന്നോട്ട് പോയില്ല. തുടക്കത്തില്‍ തന്നെ പദ്ധതി പാളിപ്പോയിരുന്നു. മലമ്പുഴ ഡാമില്‍ 40 ദശലക്ഷം ഘനമീറ്റര്‍ മണലും ചെളിയും കെട്ടിക്കിടപ്പുണ്ട്. മണല്‍ കോരിയിട്ടതല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല.
226 ദശലക്ഷം ഘനമീറ്ററാണ് മലമ്പുഴ ഡാമിന്റെ സംഭരണശേഷി. ഇതിലാണ് 40 ദശലക്ഷം ഘനമീറ്റര്‍ ചെളിയും മണലും കെട്ടിക്കിടക്കുന്നത്. ഇത് കോരിമാറ്റിയാല് സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് കോടികള്‍ ഖജനാവിലേക്ക് എത്തിക്കുകയും ചെയ്യാം. ചെളിയും മണലും നീക്കിയാല്‍ സംഭരണശേഷി വര്‍ദ്ധിപ്പിക്കാനാകുമെന്ന് ജലസേചന വകുപ്പ് മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജില്ലയിലെ മറ്റ് ഡാമുകളായ വാളയാര്‍, മീങ്കര, ചുള്ളിയാര്‍, മംഗലം ഡാം എന്നിവിടങ്ങളിലും ചെളി നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വേഗതയില്ലെന്നത് തിരിച്ചടിയാണ്. ചിലതെല്ലാം സ്തംഭിച്ച് കിടക്കുന്നുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡാമുകളില്‍ നിന്നു കോരിയെടുക്കുന്ന ചെളിയും മണലും സര്‍ക്കാരിനും വരുമാനമാര്‍ഗമാണ്. ഇതു കൂടി മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ മണലെടുപ്പ് ആരംഭിച്ചതും. ഡാമില്‍ നിന്നെടുക്കുന്ന മണല്‍ ശുദ്ധീകരിച്ചു നല്കുകയാണെങ്കില് വലിയ വില കൊടുത്ത് അത് വാങ്ങുവാനും ആളുണ്ട്. സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരവധിയായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ വാരിയെടുക്കുന്ന ചെളിയും മണലും വെറുതേ പാഴായി പോകുകയും ഇല്ല. പാലക്കാട് ജില്ലയെ സംബന്ധിച്ചിടത്തോളം വാളയാര്‍ ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിച്ചാല്‍ അത് കഞ്ചിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ജലം ലഭിക്കുമെന്ന മറ്റൊരു നേട്ടവുമുണ്ട്. അതോടൊപ്പം തന്നെ കാര്‍ഷിക ആവശ്യത്തിനുള്ള ജലവും ലഭിക്കും.