സ്ത്രീധനം കുറഞ്ഞുപോയതിൽ കുറ്റപ്പെടുത്തൽ, സൗന്ദര്യത്തിന്റെ പേരിലുളള പരിഹാസം, മതിയായ വിദ്യാഭ്യാസമില്ലെങ്കിലുളള അപമാനിക്കൽ തുടങ്ങിയവയൊക്കെയാണ് മിക്ക സ്ത്രീകളും ഭർത്താക്കൻമാരിൽ നിന്നോ അവരുടെ കുടുംബങ്ങളിൽ നിന്നോ നേരിടുന്ന പ്രശ്നങ്ങൾ. ഈ കുത്തുവാക്കുകളും ഉപദ്രവവും അതിരുകടക്കുമ്പോഴാണ് ചില സ്ത്രീകളെങ്കിലും ജീവനൊടുക്കാമെന്ന തീരുമാനത്തിൽ എത്തുന്നത്.
സ്ത്രീധന പീഡനം മൂലം 2021ൽ കൊല്ലം സ്വദേശിയായ വിസ്മയ ഭർതൃവീട്ടിൽ ജീവനൊടുക്കിയത് മുതലാണ് മലയാളികൾ ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങിയത്. നാല് വർഷം പിന്നിട്ടിട്ടും ഈ സാഹര്യത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് കാണിച്ചുതരുന്ന സംഭവങ്ങളാണ് മലപ്പുറത്തെ രണ്ട് നവവധുക്കളുടെ ആത്മഹത്യ.
നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് ചിന്തിക്കുന്ന തലമുറയുളള കേരളത്തിൽ എന്തുകൊണ്ടാണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മലപ്പുറത്തെ കൊണ്ടോട്ടിയിലെ ഷഹാന മുംതാസും എളങ്കൂരിലെ വിഷ്ണുജയും ജീവനൊടുക്കിയതിനു പിന്നിൽ ഭർത്താക്കൻമാർ മാത്രമാണോ കുറ്റക്കാർ. പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ഡോക്ടർ ആരതി കെ നായർ ഈ വിഷയത്തെക്കുറിച്ച് കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
dr. arathy k nair
1. സഹായിക്കാൻ ആരുമില്ല
സഹായിക്കാൻ ആരുമില്ല എന്ന തോന്നലാണ് സ്ത്രീകളെ ആത്മഹത്യയിലേക്ക് എത്തിക്കുന്നത്. ഉദാഹരണത്തിന് വിവാഹം കഴിഞ്ഞ് എത്തുന്ന വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ട് അല്ലെങ്കിൽ ബുദ്ധിമുട്ട് ഉണ്ട് എന്ന് മക്കൾ പറഞ്ഞാൽ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാനാണ് രക്ഷിതാക്കളിൽ കൂടുതൽ ആളുകളും പറയാറുളളത്. ചിലരാകട്ടെ സ്വന്തം രക്ഷിതാക്കൾക്ക് സങ്കടമാകും എന്നുകരുതി സങ്കടങ്ങൾ ആരോടും പങ്കുവയ്ക്കാതെ ഉളളിലൊതുക്കുന്നു. ഈ അവസ്ഥ കൂടുമ്പോഴാണ് ആത്മഹത്യയാണ് ശരിയായ വഴിയെന്ന് സ്ത്രീകൾക്ക് തോന്നുന്നത്. ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയുളള മരണങ്ങൾ ഉണ്ടാകില്ലായിരുന്നു.
2. സമൂഹത്തെ ബോദ്ധ്യപ്പെടുത്തുക
മലയാളികളെ സംബന്ധിച്ചടത്തോളം സമൂഹം അവരെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന ആകുലതയുളളവരാണ്. അതിനാൽത്തന്നെ പല കുടുംബത്തിലെ പല പ്രശ്നങ്ങളും ഒളിച്ചുവയ്ക്കുന്ന ഒരു പ്രവണത നമുക്കിടയിലുണ്ട്. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഉപദ്രവം സഹിക്കാനാകാതെ സ്വന്തം മക്കൾ വീട്ടിലേക്കെത്തിയാൽ ആശങ്കകൾ വർദ്ധിക്കും. അതുകൊണ്ട് തന്നെ മക്കളെ ആശ്വസിപ്പിച്ച് വീണ്ടും ഭർത്താവിന്റെ അടുത്തേയ്ക്ക് വിടാനോ അല്ലെങ്കിൽ ഭർത്താവ് വന്ന് ക്ഷമ ചോദിച്ച് വീട്ടിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യും. അധികം വൈകാതെ തന്നെ ആ സമാധാനവും നഷ്ടപ്പെടും. വീണ്ടും സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയാൽ നാട്ടുകാർ എന്ത് പറയും അല്ലങ്കിൽ എല്ലാം സഹിച്ച് ഭർത്താവിന്റെ വീട്ടിൽ താമസിക്കുക എന്ന അവസ്ഥ ഉണ്ടാകും. ഈ അവസ്ഥ ഉണ്ടാകുമ്പോൾ ചിലരെങ്കിലും ആത്മഹത്യ പരിഹാരമായി കാണും.
3. സാമ്പത്തികഭദ്രത
സ്വന്തമായി ജോലിയില്ലാത്ത പെൺകുട്ടികളാണ് കേരളത്തിൽ ഏറ്റവും കൂടുതലും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ പെൺകുട്ടികൾക്ക് ഈ പ്രശ്നം മനസിലാകണമെന്നില്ല. ജോലിയില്ലാത്തതിന്റെ പേരിലുളള കുത്തുവാക്കുകളും സ്വന്തം കാര്യങ്ങൾക്ക് പോലും മറ്റുളളവരോട് പണം ചോദിക്കേണ്ട അവസ്ഥ ഉണ്ടാകുമ്പോഴാണ് യാഥാർത്ഥ്യം മനസിലാക്കുക. ഒന്നിനും കൊളളില്ല എന്ന ചിന്ത സ്ത്രീകളെ വല്ലാതെ തളർത്തുന്ന മാനസികാവസ്ഥ ഉണ്ടാകും. ഒടുവിൽ ആത്മഹത്യ മാത്രമാണ് പരിഹാരം എന്ന ചിന്ത ഉണ്ടാകും.
4. അതിജീവനം
സ്വന്തം മക്കൾക്ക് എല്ലാ സൗഭാഗ്യങ്ങളോടെയും വളരണം എന്ന രക്ഷിതാക്കളുടെ ചിന്താഗതിയാണ് പ്രധാന പ്രശ്നം. ചെറുപ്പത്തിൽ തന്നെ മക്കളെ സ്വതന്ത്രമായി ഒന്നും ചെയ്യാൻ അവർ അനുവദിക്കില്ല. അത്തരത്തിൽ വളർന്നുവന്നവർക്ക് ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിജീവിക്കാൻ സാധിക്കാതെ വരും. അങ്ങനെയുളളവർക്ക് ആത്മവിശ്വാസവും കുറവായിരിക്കും. ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയാത്തവരാണ് എന്ന തോന്നൽ അവരെ മരണത്തിൽ എത്തിക്കും.
പരിഹാരം
1. കോഗ്നിറ്റീവ് റീഫ്രെയ്മിംഗ്
മാനസികപരമായ മാർഗങ്ങൾ മുഖേന ഈ പ്രശ്നങ്ങളെ സ്ത്രീകൾക്ക് അതിജീവിക്കാൻ സാധിക്കും. ആദ്യത്തേത് കോഗ്നിറ്റീവ് റീഫ്രെയ്മിംഗാണ്. അതായത് എല്ലാം സംഭവിക്കുന്നത് നമ്മുടെ ചിന്തകളിൽ നിന്നാണ്. ഈ അവസ്ഥയിൽ നിന്ന് ഞാൻ ഒരിക്കലും മോചിതയാകില്ലയെന്ന ചിന്തയെ മറികടക്കുക. എന്നെ കൊണ്ട് സാധിക്കും എന്ന ചിന്ത മനസിൽ കൊണ്ടുവരാൻ ശ്രമിക്കുക. തെറ്റായ ചിന്തയ്ക്ക് പകരം നല്ലകാര്യങ്ങൾ ചിന്തിച്ചാൽ ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിക്കാം.
2. ഇമോഷണൽ റെസിലിയൻസ്
റെസിലിയൻസ് എന്ന പദത്തിന്റെ അർത്ഥം തന്നെ തിരിച്ചുവരിക എന്നതാണ്. കോഗ്നിറ്റീവ് റീഫ്രെയ്മിന്റെ മറ്റൊരു രൂപമാണിത്. മാനസികപരമായി നമ്മൾ തളർന്നുപോകുമ്പോൾ, ഒരു പോസിറ്റീവായ ചിന്ത കൊണ്ടുവരാൻ ശ്രമിക്കുക. അതായത് സ്വന്തം കഴിവുകളെക്കുറിച്ച് ചിന്തിക്കുക. ഭൂതകാലത്തിൽ നമ്മൾ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുക. ഇത്തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.
3. അസെർട്ടീവ്നസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യെസ് അല്ലെങ്കിൽ നോ എന്ന് പറയാനുളള ധൈര്യം കാണിക്കുക. എന്താണ് വേണ്ടത്, എന്താണ് ആവശ്യമില്ലാത്തത് എന്ന് മനസിലാക്കാനും മറ്റുളളവരുടെ മുൻപിൽ അത് പറയാനുമുളള കഴിവും ഉണ്ടാക്കിയെടുക്കുക.
4, ഭാവിയെക്കുറിച്ചുളള ചിന്ത
ഭാവിയെക്കുറിച്ച് ചിന്തിക്കുക. എന്ത് ചെയ്താലാണ് വിജയിക്കാൻ സാധിക്കുമെന്ന ചിന്ത വന്നാൽ ആത്മഹത്യ ഒരു പരിധി വരെ ഒഴിവാക്കാം.
5. വിദഗ്ദരുടെ സഹായം തേടുക
സ്വയം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ വിദഗ്ദരുടെ സഹായം തേടണം. അതിനായി നിരവധി സംവിധാനങ്ങൾ കേരളത്തിലുണ്ട്. അത് ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.