കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ദളിത് വിഭാഗത്തിന് ഏൽപ്പിച്ച മുറിവ് ഒരു ഖേദപ്രകടനം കൊണ്ട് മാത്രം തീരുന്നതല്ല. പ്രധാനമന്ത്രി ഇടപെട്ട് സുരേഷ്ഗോപിയെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. രാജവാഴ്ചക്കാലത്ത് മന്ത്രി ആകേണ്ട വ്യക്തിയാണ് സുരേഷ്ഗോപിയെന്ന് ശിവൻകുട്ടി പരിഹസിച്ചു.
ശിവൻകുട്ടിയുടെ വാക്കുകൾ-
”ദളിത് വിഭാഗത്തെ ആക്ഷേപിച്ച കേന്ദ്രമന്ത്രി സുരേഷ്ഗോപി ആ സ്ഥാനത്ത് തുടരാൻ അർഹനല്ല. ഇന്ത്യൻ രാഷ്ട്രപതി മുതൽ മാതൃകാപരമായ ഉത്തരവാദിത്തം നിറവേറ്റി കഴിവ് തെളിയിച്ചുള്ള മഹാന്മാരെയും മഹതികളെയും അടച്ച് ആക്ഷേപിച്ചത് വഴി സരേഷ് ഗോപിയുടെ ചാതുർവർണ്ണ്യ മനസ്സ് വെളിപ്പെടുകയാണ്. ഇന്ത്യയുടെ ഭരണഘടനാ ശിൽപി ഡോ.ബി ആർ അംബേദ്കർ, മുൻ രാഷ്ട്രപതി കെ ആർ നാരായൺ മുതൽ എത്രയോ മഹാന്മാരാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.
ദളിത് വിഭാഗത്തിന് ഏൽപ്പിച്ച മുറിവ് ഒരു ഖേദപ്രകടനം കൊണ്ട് മാത്രം തീരുന്നതല്ല. പ്രധാനമന്ത്രി ഇടപെട്ട് സുരേഷ്ഗോപിയെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. രാജവാഴ്ചക്കാലത്ത് മന്ത്രി ആകേണ്ട വ്യക്തിയാണ് സുരേഷ്ഗോപി. മാദ്ധ്യമങ്ങളിലൂടെ ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം. കേരളത്തിന്റെ വികസനത്തെപ്പറ്റി സാമാന്യ ധാരണയില്ലാത്ത വ്യക്തിയാണ് മന്ത്രി ജോർജ്ജ് കുര്യൻ. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, ശുചിത്വം, തൊഴിലാളിക്ഷേമം എന്നീ എല്ലാ മേഖലകളിലും കേരളം ഒന്നാമതാണെന്ന് കേന്ദ്ര സർക്കാരിന്റെ വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ അവഗണനയെ അതിജീവിച്ചുകൊണ്ടാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ 9 വർഷക്കാലമായിട്ട് രാജ്യത്തിന് മാതൃകയായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്. അതിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോവില്ല. കേന്ദ്ര ഫണ്ട് കേന്ദ്ര സഹമന്ത്രിയുടെ സ്വകാര്യ സ്വത്താണ് എന്ന ധാരണയിലാണ് കേന്ദ്രഫണ്ട് അനുവദിക്കണമെങ്കിൽ ചില നിബന്ധനകൾ അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. കേരളം എല്ലാ രംഗത്തും അവസാന റാങ്കിംഗ് എന്ന് പ്രഖ്യാപിച്ചാൽ കേന്ദ്ര ഗവൺമെന്റിന്റെ ഔദാര്യം ഫണ്ടിന്റെ കാര്യത്തിൽ ഉണ്ടാകും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ വർഷം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുവാൻ പോകുകയാണ്. കോടിക്കണക്കിന് രൂപ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിട്ടുപോലും വികസന കാര്യത്തിൽ കേരളത്തിനൊപ്പം എത്തുവാൻ കഴിയുന്നില്ല. കേന്ദ്ര സഹമന്ത്രിയുടെ നിലപാട് ഏറ്റവും പ്രതിഷേധാർഹമാണ്. അദ്ദേഹം അത് പിൻവലിച്ച് പരസ്യമായി മാപ്പ് അപേക്ഷിക്കുകയാണ് മാന്യമായ രീതി. കേരളത്തിന്റെ വികസന കാര്യത്തിൽ ഒരു ഇടപെടൽ പോലും നടത്താത്ത കേന്ദ്ര സഹമന്ത്രിയുടെ പ്രസ്താവന കേരളജനത അവജ്ഞയോട് കൂടി തള്ളിക്കളയും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]