ആലപ്പുഴ: വ്യാജനിയമനക്കേസിൽ അറസ്റ്റിലായ തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം വിജയ ഭവനത്തിൽ അനിൽകുമാർ (55) തട്ടിപ്പിനിരകളായവർക്ക് നൽകിയിരുന്നത് ഒറിജിനലിനെ വെല്ലുന്ന ഉത്തരവുകൾ. സഹോദരങ്ങളെ പറ്റിച്ച് ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസം മണ്ണഞ്ചേരി പൊലീസ് രജിസ്റ്രർ ചെയ്ത കേസിൽ, ആലപ്പുഴ മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും ഫയർഫോഴ്സിലെ ക്ളറിക്കൽ തസ്തികയിലേക്കും ‘നിയമനം’ കാത്തിരുന്നവർക്ക് നൽകിയ ഉത്തരവുകൾ അതിന് തെളിവാണ്.
മണ്ണഞ്ചേരി സ്വദേശിനിയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയുമായ യുവതിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിയമിച്ചുകൊണ്ടുള്ള വ്യാജ ഉത്തരവിൽ നിന്നാണ് തൊഴിൽ തട്ടിപ്പിന്റെ തുടക്കം. സർക്കാർ ഉത്തരവുകളിലെ ഓർഡർ നമ്പരുകൾക്ക് സമാനമായ നമ്പരും തീയതിയും വാചകഘടനയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ റൗണ്ട് സീലും ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റേതെന്ന നിലയിൽ പച്ചമഷി ഒപ്പുമെല്ലാം ചേർന്ന ഉത്തരവുകണ്ടാൽ ആർക്കും സംശയമേ തോന്നില്ല.
ഒരുലക്ഷം രൂപ മുൻകൂർ കൈപ്പറ്റിയതിന് പിന്നാലെ നിയമന ഉത്തരവുമായെത്തിയാണ് ലാബ് ടെക്നീഷ്യയായ യുവതിയിൽ നിന്ന് ബാക്കിത്തുക കൂടി കൈക്കലാക്കിയത്. യുവതിയുടെ വിശ്വാസം മുതലെടുത്ത് സഹോദരന് ഫയർഫോഴ്സിൽ നിയമനം തരപ്പെടുത്താമെന്ന് പറഞ്ഞ് മൂന്നരലക്ഷത്തിലധികം രൂപയുടെ കരാർ ഉറപ്പിച്ച അനിൽകുമാർ, ഡിപ്പാർട്ട്മെന്റ് കേരള ഫയർ ആന്റ് റസ്ക്യൂവെന്ന പേരിൽ തീയതി സഹിതമുളള ഗവ.ഉത്തരവാണ് ഡിവിഷൻ ഓഫീസർ, മുകുന്ദപുരം, മലപ്പുറമെന്ന പേരിൽ റെഡിയാക്കിയത്. ഇതു കാട്ടി പറഞ്ഞുറപ്പിച്ച തുക കൈപ്പറ്റിയതിന് പിന്നാലെയാണ് അനിൽകുമാറിനെ പൊലീസ് പിടികൂടിയത്.
വ്യാജ നിയമന ഉത്തരവുകൾ പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച കമ്പ്യൂട്ടറുകളും പ്രിന്ററുകളുമടക്കം കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. ഫോണും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
തട്ടിപ്പിന് പിന്നിൽ കൂടുതൽ പേർ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അനിലിനൊപ്പം തട്ടിപ്പിന് കൂട്ടാളിയായ മകൻ അഭിലാഷിനെയും അറസ്റ്റ് ചെയ്തെങ്കിലും ഉത്തരവുകൾ തയ്യാറാക്കുന്നതിനും ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കാൻ ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളിലും കയറിയിറങ്ങുന്നതും മറ്രും ഉദ്യോഗസ്ഥരുടെ പിന്തുണയും സഹായവും ലഭിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു.
അതുകൊണ്ടുതന്നെ തട്ടിപ്പുസംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവർ കരുതുന്നു. അനിൽകുമാറിന്റെ ഫോൺകോൾവിശദാംശങ്ങളും ബാങ്കിടപാടുകളും പരിശോധിച്ച് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ ഉൾപ്പടെ വെളിച്ചത്ത് കൊണ്ടുവരാനാണ് പൊലീസ് നീക്കം. അതേസമയം, പുന്നപ്ര, മണ്ണഞ്ചേരി, ചേർത്തല സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കൂടുതൽ പരാതികളെത്തിയിട്ടുണ്ട്. എല്ലാ പരാതികളിലും കേസെടുക്കാനാണ് നിർദ്ദേശം.